സി.ബി.ഐ വിവാദം: മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കെജ്‍രിവാള്‍
|റഫാല്‍ അന്വേഷണം തന്നിലേക്ക് വരുമെന്ന് കണ്ടാണ് മോദി അലോക് വര്‍മയെ മാറ്റിനിര്‍ത്തുന്നതെന്ന് കെജ്‍രിവാള്‍ വിമര്‍ശിച്ചു.
സി.ബി.ഐ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. യു.പി.എ സര്‍ക്കാരിനെതിരായ മോദിയുടെ 2013ലെ ട്വീറ്റാണ് കെജ്‍രിവാള്‍ ‘കുത്തിപ്പൊക്കി’യത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനായി യു.പി.എ സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിക്കുന്നുവെന്നും രാജ്യത്തിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളെ തകര്‍ക്കുന്നുവെന്നുമായിരുന്നു ട്വീറ്റ്.
2013ല്‍ ഇങ്ങനെ പറഞ്ഞ മോദി സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ അവധിയില്‍ പറഞ്ഞയച്ച നടപടിയാണ് കെജ്‍രിവാള്‍ ചോദ്യംചെയ്തത്. റഫാല്‍ അന്വേഷണം തന്നിലേക്ക് നീളുമെന്നതിനാലാണോ മോദി അലോക് വര്‍മയെ മാറ്റിനിര്‍ത്തുന്നതെന്നാണ് കെജ്‍രിവാളിന്‍റെ ചോദ്യം.
"സി.ബി.ഐ ഡയറക്ടറെ എന്തടിസ്ഥാനത്തിലാണ് അവധിയില്‍ പറഞ്ഞയക്കുന്നത്? ലോക്പാല്‍ ആക്റ്റ് പ്രകാരം നിയമിക്കപ്പെട്ട അന്വേഷണ ഏജന്‍സിയുടെ തലവനെതിരെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ നടപടിയെടുത്തത്? എന്താണ് സര്‍ക്കാര്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്?” എന്നാണ് കെജ്‌രിവാളിന്‍റെ ചോദ്യം.