തമിഴകം ഉപതെരഞ്ഞെടുപ്പിലേക്ക്...
|18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം ഹൈക്കോടതി ശരിവച്ചതോടെ, ഉപതെരഞ്ഞെടുപ്പിലേയ്ക്കാണ് തമിഴ് രാഷ്ട്രീയം എത്തുന്നത്.
18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം ഹൈക്കോടതി ശരിവച്ചതോടെ, ഉപതെരഞ്ഞെടുപ്പിലേയ്ക്കാണ് തമിഴ് രാഷ്ട്രീയം എത്തുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. തിരിച്ചടി നേരിട്ട ദിനകരന്‍ ക്യാംപിന്റെ തീരുമാനം ഇന്നറിയാം.
എം.എല്‍.എമാര്‍ മരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ 20 ഇടങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വിജയപ്രതീക്ഷയുണ്ടെന്ന് പറയുമ്പോഴും, നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ അണ്ണാ ഡി.എം.കെയ്ക്ക് വെല്ലുവിളിയാകും. തിരഞ്ഞെടുപ്പിന് എത്ര കാലതാമസം നേരിടുന്നുവോ അത്രയും സമയം മാത്രമാണ് അണ്ണാ ഡി.എം.കെ സര്‍ക്കാറിന് ഭീഷണിയില്ലാതെ തുടരാന്‍ സാധിയ്ക്കുക എന്നാണ് വിലയിരുത്തല്‍.
ഉപതിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയിച്ച് ഭരണം പിടിയ്ക്കാനായിരിക്കും ഡി.എം.കെ ശ്രമിയ്ക്കുക. ഏതു വിധേനെയും ഭരണം മറിച്ചിടാനുള്ള സാഹചര്യം ഉണ്ടാക്കുക മാത്രമായിരിയ്ക്കും ദിനകരന്‍ ക്യാംപിന്റെ ലക്ഷ്യം. ഒപ്പം കുറച്ച് സീറ്റുകളിലെ വിജയവും. ഭാവി കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നതിനായി ദിനകരന്‍ പക്ഷത്തിന്റെ യോഗം ഇന്ന് മധുരയില്‍ നടക്കും.