രാജ്യത്തെ 10 കോടി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി കത്തെഴുതുന്നത് എന്തിന്?
|ഒരു പ്രശ്നം പരിഹരിക്കേണ്ടത് അതിന്റെ വേരുകളിലാണ് എന്നാണ് പ്രധാനമന്ത്രിയുടെ പോളിസി....
രാജ്യം തുടങ്ങിവെച്ച ഏറ്റവും വലിയ ആരോഗ്യരക്ഷാപദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. പദ്ധതി നടപ്പില്‍ വന്ന് മാസം ഒന്ന് കഴിഞ്ഞിട്ടും ആ പദ്ധതിക്ക് അര്‍ഹരായ 50 കോടി ജനങ്ങള്‍ക്ക് ഇപ്പോഴും പദ്ധതിയെ കുറിച്ച് അറിയില്ല എന്നതാണ് കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളി.
ഒരു പ്രശ്നം പരിഹരിക്കേണ്ടത് അതിന്റെ വേരുകളിലാണ് എന്നാണ് പ്രധാനമന്ത്രിയുടെ പോളിസിയെന്ന് പറയുന്നു നീതി ആയോഗിന്റെ അംഗമായ വിനോദ് കെ പോള്‍. അതുകൊണ്ടുതന്നെ പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ നേരിട്ട് കത്തെഴുതാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
2011ലെ സാമുദായിക സെന്‍സസ് അടിസ്ഥാനപ്പെടുത്തിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പ്രകാരം രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടതുണ്ടെന്ന് വിനോദ് കെ പോള്‍ കൂട്ടിച്ചേര്‍ക്കുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മോദിക്ക് ഉയര്‍ത്തിക്കാട്ടാനുള്ള ഈ പദ്ധതിയുടെ മുഖ്യശില്‍പി കൂടിയാണിദ്ദേഹം. പദ്ധതി വഴി രാജ്യത്തെ ആരോഗ്യമേഖലയിലെ ചെലവുകുറയുമെന്നും അത്തരം സേവനങ്ങളിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും വിനോദ് കെ പോള്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം റജിസ്റ്റര്‍ ചെയ്ത ആശുപത്രികളിലെ ചികില്‍സയ്ക്ക് രോഗികള്‍ ഒരു രൂപപോലും നല്‍കേണ്ടതില്ല. 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികില്‍സാ സഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. 1200 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. റീ ഇമ്പേഴ്സ്മെന്‍റ് സംവിധാനത്തിലൂടെയല്ല പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നത്.
എന്താണ് പദ്ധതി
1. ഒരു കുടുംബത്തിന് വർഷത്തിൽ അഞ്ചുലക്ഷം വരെ രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കും. കിടത്തി ചികിത്സയ്ക്കും റഫറൽ ആശുപത്രി ചികിത്സയ്ക്കുമായിരിക്കും പരിരക്ഷ
2. ഇൻഷുറൻസ് കമ്പനികളുടെ ശൃംഖല (ഇ.എച്ച്.സി.പി.) മുഖേനയായിരിക്കും പദ്ധതി നടപ്പാക്കുക. സ്വകാര്യ, സർക്കാർ ആശുപത്രികളിൽ പണമില്ലാതെ ചികിത്സ തേടാനുള്ള സൗകര്യം ഇ.എച്ച്.സി.പി. ഒരുക്കും.
3. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പും ശേഷവുമുള്ള രോഗനിർണയം, മരുന്നുവിതരണം തുടങ്ങി 1350-ഓളം നടപടികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.