രാജ്യത്തെ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാത്ത എം.എല്‍.ഏമാര്‍ 199; എം.പിമാര്‍ 7
|കൃത്യമായ സ്വത്ത് വിവരം സമർപ്പിക്കാത്ത ഏറ്റവും കൂടുതൽ എം.എൽ.ഏമാരുള്ള സംസ്ഥാനം കേരളമാണ്.
രാജ്യത്തെ ഏഴ് പാർലമെന്റ് അംഗങ്ങളും, 199 എം.എൽ.ഏമാരും സ്വത്ത് വിവരങ്ങൾ സമർപ്പിക്കാത്തവരാണെന്ന് റിപ്പോർട്ട്. രാജ്യത്തെ 542 ലോക്സഭാ എം.പിമാരുടെയും, 4086 എം.എൽ.ഏമാരുടെയും പാൻ വിവരങ്ങള്‍ അവലോകനം ചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും(A.D.R), നാഷണൽ ഇലക്ഷൻ വാച്ചും(NEW) നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തലുള്ളത്. കൃത്യമായ സ്വത്ത് വിവരം സമർപ്പിക്കാത്ത ഏറ്റവും കൂടുതൽ എം.എൽ.ഏമാരുള്ള സംസ്ഥാനം കേരളമാണ്.
നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിക്കുന്നതിന് നാമനിർദേശ പത്രികക്കൊപ്പം സ്വത്ത് വിവരങ്ങളുൾപ്പടെയുള്ള രേഖകൾ ബന്ധപ്പെട്ട വരണാധികാരിക്ക് മുന്നിൽ സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്.
പാൻ വിവരങ്ങൾ സമർപ്പിക്കാത്തവരിൽ 51 കോൺഗ്രസ് എം.എൽ.ഏമാരും, ബി.ജെ.പിയുടെ 42 ഉം സി.പി.എമ്മിന്റെ 25 ഉം എം.എൽ.ഏമാരാണ് ഉള്ളത്. സംസ്ഥാന തല വിവരമനുസരിച്ച്, 33 എം.എൽ.ഏമാരുള്ള കേരളമാണ് മുന്നിൽ. തൊട്ടു പിറകിലായി മിസോറാം(28), മധ്യപ്രദേശ്(19) സംസ്ഥാനങ്ങളാണുള്ളത്. മിസോറാമിലെ നാൽപതംഗ നിയമസഭയിലുള്ള 28 പേരും സ്വത്ത് വിവരങ്ങൾ കെെമാറിയിട്ടില്ല.
പാർലമെന്റ് അംഗങ്ങളിൽ ഒഡീഷയിൽ നിന്നുള്ള രണ്ട് ബി.ജെ.ഡി എം.പിമാരും, തമിഴ്നാട്ടിലെ രണ്ട് എ.എെ.ഡി.എം.കെ എം.പിമാരും ആസാം, മിസോറാം, ലക്ഷ്വദീപ് മണ്ഡലങ്ങളിലെ യഥാക്രമം ഓരോ വീതം കോൺഗ്രസ്, എ.എെ.യു.ഡി.എഫ്, എൻ.സി.പി എം.പിമാരും കൃത്യമായ സ്വത്ത് വിവരങ്ങൾ സമർപ്പിച്ചിട്ടില്ല.