മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ മെരുക്കാന്‍ ബി.ജെ.പിക്ക് പഴയ ആയുധം
|റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി ശക്തമായ ആക്രമണമാണ് പ്രധാനമന്ത്രിക്കെതിരെ നടത്തുന്നത്.
റഫാല്‍ അഴിമതി ഉന്നയിക്കുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ മധ്യപ്രദേശില്‍ ബി.ജെ.പി ആശ്രയിക്കുന്നത് നാഷണല്‍ ഹെറാള്‍ഡ് കേസാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍പെട്ട മധ്യപ്രദേശിലെ ഭൂമിയും കെട്ടിടങ്ങളും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ പ്രചരണം.
റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി ശക്തമായ ആക്രമണമാണ് പ്രധാനമന്ത്രിക്കെതിരെ നടത്തുന്നത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ മുഖ്യചര്ച്ചകളില് ഒന്നായി അഴിമതി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇത് പ്രതിരോധിക്കാനാണ് നാഷണല്‍ ഹെറാള്‍ഡ് കേസ് ബി.ജെ.പി പൊടിതട്ടിയെടുത്തത്. സോണിയയും രാഹുലും പങ്കാളികളായ കമ്പനി നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്നാണ് കേസ്.
ഭോപ്പാലില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥതതയിലുള്ള ഭൂമിക്ക് തൊട്ടടുത്ത് വാര്‍ത്താസമ്മേളനം വിളിച്ച ബി.ജെ.പി കേസ് ഒന്നുകൂടി ചര്‍ച്ചയാക്കാനുള്ള ശ്രമത്തിലാണ്. റഫാല്‍ ഇടപാടില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ഒരു തന്ത്രവും വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബുദ്ധി നശിച്ചവരെ പോലെയാണ് ബി.ജെ.പി പെരുമാറുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പി നേരിടുന്നത്.