മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയെന്ന് ആര്‍.എസ്.എസ് നേതാവ് പറഞ്ഞെന്ന് ശശി തരൂര്‍
|“ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി. കൈകൊണ്ട് എടുത്തു മാറ്റാന്‍ നോക്കിയാല്‍ കുത്തേല്‍ക്കും. ശിവലിംഗത്തിലിരിക്കുന്നതിനാല്‍ ചെരിപ്പൂരി അടിക്കാനുമാകില്ല”
പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് പേരുവെളിപ്പെടുത്താത്ത ആര്‍.എസ്.എസ് നേതാവ് തന്നെ പറഞ്ഞെന്ന് ശശി തരൂര്‍. മാധ്യമപ്രവര്‍ത്തകനായ വിനോദ് കെ ജോസിനോടാണ് ഒരു ആര്‍.എസ്.എസ് നേതാവ് മോദിയെ ഇങ്ങനെ വിശേഷിപ്പിച്ചതെന്നാണ് ശശി തരൂരിന്റെ വെളിപ്പെടുത്തല്‍. മോദിയെക്കുറിച്ചുള്ള ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബംഗളൂരു ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.
മോദിയെ ബിംബവല്‍ക്കരിക്കുന്നതിനോട് ആര്‍.എസ്.എസില്‍ നിന്നു തന്നെ എതിര്‍പ്പുണ്ട്. മോദിയും ഹിന്ദുത്വവും ചേര്‍ന്നുള്ള മോദിത്വം ആര്‍.എസ്.എസിനേക്കാള്‍ വളരുകയാണെന്നും തരൂര്‍ പറഞ്ഞു. ശശി തരൂരിന്റെ പ്രസംഗത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വീറ്റു ചെയ്തിട്ടുണ്ട്.
'മോദിയോടുള്ള ആര്‍.എസ്.എസിന്റെ അസംതൃപ്തി വെളിവാക്കുന്നതാണ് ഈ വിശേഷണം. കാരവന്‍ മാഗസിനിലെ മാധ്യമപ്രവര്‍ത്തകനായ വിനോദ് കെ ജോസിനോട് പേരുവെളിപ്പെടുത്താത്ത ഒരു ആര്‍.എസ്.എസ് നേതാവാണ് ഇക്കാര്യം പറഞ്ഞത്. ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി. കൈകൊണ്ട് എടുത്തു മാറ്റാന്‍ നോക്കിയാല്‍ കുത്തേല്‍ക്കും. ശിവലിംഗത്തിലിരിക്കുന്നതിനാല്‍ ചെരിപ്പൂരി അടിക്കാനുമാകില്ല' എന്നായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍.
കേന്ദ്ര സര്‍ക്കാരില്‍ അധികാരം കേന്ദ്രീകരിക്കുന്നതിനേയും ശശി തരൂര്‍ വിമര്‍ശിച്ചു. 'സി.ബി.ഐ ഡയറക്ടറെ മാറ്റുന്നത് ആഭ്യന്തരമന്ത്രി അറിയുന്നില്ല. വിദേശകാര്യനയം മാറുന്നതിനെക്കുറിച്ച് വിദേശകാര്യ മന്ത്രിക്ക് ധാരണയില്ല. റാഫേല്‍ ഇടപാടിലെ ധാരണകള്‍ മാറുന്നത് സംബന്ധിച്ച് അവസാന നിമിഷം മാത്രമാണ് പ്രതിരോധ മന്ത്രി പോലും അറിയുന്നത്' ഇതെല്ലാം അധികാരം മോദിയില്‍ മാത്രമായി കേന്ദ്രീകരിക്കുന്നതിന്റെ ഫലമാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.