India
പാര്‍ട്ടിയിലെ ഭിന്നത; തെലങ്കാനയില്‍ ടി.ആര്‍.എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
India

പാര്‍ട്ടിയിലെ ഭിന്നത; തെലങ്കാനയില്‍ ടി.ആര്‍.എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Web Desk
|
28 Oct 2018 9:59 AM GMT

ടി.ആര്‍.എസ് സര്‍ക്കാര്‍ അധികാരത്തിലേറിയതുകൊണ്ട് ഉപകാരം കിട്ടിയത് മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് മാത്രമാണെന്ന് നേതാക്കള്‍ ആരോപിച്ചു.

തെലങ്കാനായില്‍ ഭരണകക്ഷിയായ ടി.ആര്‍.എസിന് തിരിച്ചടി നല്‍കി രണ്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടി.ആര്‍.എസ് സര്‍ക്കാര്‍ അധികാരത്തിലേറിയതുകൊണ്ട് ഉപകാരം കിട്ടിയത് മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് മാത്രമാണെന്ന് നേതാക്കള്‍ ആരോപിച്ചു. അതിനിടെ, ഛത്തീസ്ഗഡില്‍ സ്ഥാനാര്‍ത്ഥികളുടെ മൂന്നാംഘട്ട ലിസ്റ്റ് കോണ്‍ഗ്രസ് പുറത്ത് വിട്ടു.

ഡിസംബര്‍ ഏഴിന് തെലങ്കാന നിയസഭയിലേക്കുള്ള തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ടി.ആര്‍.എസിന് വലിയ തിരിച്ചടി ലഭിച്ചത്. തെലങ്കാന സ്റ്റേറ്റ് റോഡ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. നാര്‍സ റെഡ്ഡി, തെലങ്കാന ലെജ്സ്ലേറ്റീവ് കൌണ്‍സില്‍ അംഗം എസ്. രാമുലു നായിക് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കന്‍മാരുടെ കോണ്‍ഗ്രസ് പ്രവേശം. ടി.ആര്‍.എസില്‍ നേതാക്കന്‍മാര്‍ക്ക് യാതൊരു വിലയുമില്ലെന്ന് വിമര്‍ശിച്ച ഇരുവരും കെ. ചന്ദ്രശേഖര റാവുവിന്‍റെ കുടുംബത്തിന് മാത്രമേ സര്‍ക്കാരിനെ കൊണ്ട് ഉപകാരമുണ്ടായുള്ളുവെന്നും വിമര്‍ശിച്ചു.

എന്നാല്‍, ഇരു നേതാക്കളെയും പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയതായി തെലങ്കാന രാഷ്ട്രസമിതി അറിയിച്ചു. ഇതിനിടെ മറ്റൊരു മുതിര്‍ന്ന നേതാവായ ശ്രീനിവാസ് കൂടി കോണ്‍ഗ്രസിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് 2015 ല്‍ ടി.ആര്‍.എസില്‍ ചേര്‍ന്നയാളാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഡി. ശ്രീനിവാസ്.

അതേസമയം, ഛത്തീസ്ഗഡിലെ നിയമസഭാ തെര‍ഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ശേഷിക്കുന്ന 35 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Similar Posts