India
കൈക്കുഞ്ഞുമായി ജോലിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥ; ഇനി അർച്ചനക്ക്  വീടിനടുത്ത സ്റ്റേഷനിൽ  ജോലി ചെയ്യാം
India

കൈക്കുഞ്ഞുമായി ജോലിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥ; ഇനി അർച്ചനക്ക് വീടിനടുത്ത സ്റ്റേഷനിൽ ജോലി ചെയ്യാം

Web Desk
|
29 Oct 2018 12:41 PM GMT

ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ജോലിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഝാന്‍സി സ്റ്റേഷനിലെ അര്‍ച്ചന ജയന്താണ് ഒറ്റ ചിത്രം കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കിയത്. ഈ ഫോട്ടോക്ക് പിന്നാലെ ഒരു സന്തോഷവും കൂടി ഇപ്പോൾ അർച്ചന ജയന്തിനെ തേടിയെത്തിയിരിക്കുകയാണ്. വൈറലായ ഫോട്ടോയെ തുടർന്ന് അർച്ചനക്ക് വീടിന് ഏറ്റവും അടുത്തുള്ള സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ സൗകര്യം ഒരുക്കിയിരിക്കുകയാണ് പൊലീസ്.

ഉത്തർ പ്രദേശിലെ ഝാന്‍സി സ്റ്റേഷനിൽ സാധാരണത്തെ പോലെ കുഞ്ഞിനേയും കൊണ്ട് ജോലിക്ക് വന്ന അർച്ചനയുടെ ഫോട്ടോ അജ്ഞാതനായ ഏതോ ഒരു വ്യക്തി എടുത്ത് സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയായിരുന്നു. ഫോട്ടോ കണ്ട ഝാൻസി സോണിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സുഭാഷ് സിങ് അർച്ചനയെ അഭിനന്ദിക്കുകയും 1000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി സിങ് അർച്ചനയോട് സംസാരിക്കുകയും അവൾക്കിഷ്ട്ടപെട്ട വീടിന് തൊട്ടടുത്ത ആഗ്ര സ്റ്റേഷനിലേക്ക് മാറാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയും ചെയുകയായിരുന്നു. അർച്ചനയെ പോലെ തന്നെ 100 ലധികം വനിതാ കോൺസ്റ്റബിൾമാർ കുഞ്ഞുങ്ങളോടെ ജോലിക്കെത്തുന്നുണ്ടെന്ന് സൂപ്പർ ഇന്റെൻഡന്റ് പൊലീസ് വിനോദ് കുമാർ സിങ് പറഞ്ഞു.

ये भी पà¥�ें- കൈക്കുഞ്ഞുമായി ജോലിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

പൊലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവാണ് കുഞ്ഞിനെയും കൊണ്ട് ജോലിക്കെത്തുന്ന അര്‍ച്ചനയുടെ ചിത്രം ആദ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ആറ് മാസം പ്രായമുള്ള മകളെ ഉറക്കിക്കിടത്തി ഫയല്‍ നോക്കുന്ന അര്‍ച്ചനയുടെ ചിത്രമാണ് പങ്കുവെച്ചത്. "ഝാന്‍സി കോട്ട്‍വാലിയിലെ ഈ പൊലീസ് അമ്മയെ കാണൂ. ജോലിയും അമ്മയെന്ന നിലയിലെ ഉത്തരവാദിത്തവും ഭംഗിയായി കൈകാര്യം ചെയ്യുന്നു. അവര്‍ സല്യൂട്ട് അര്‍ഹിക്കുന്നു" എന്ന് പറഞ്ഞാണ് ചിത്രം ട്വീറ്റ് ചെയ്തത്.

ആഗ്ര സ്വദേശിനിയായ അര്‍ച്ചന 2016ലാണ് ഝാന്‍സി കോട്‍വാലി സ്റ്റേഷനിലെത്തിയത്. ഭര്‍ത്താവ് ഗുര്‍ഗാവിലാണ് ജോലി ചെയ്യുന്നത്. വേറെയാരും കൂടെയില്ലാത്തതിനാല്‍ കുഞ്ഞിനെ നോക്കാന്‍ വഴിയില്ലാത്തതുകൊണ്ട് കൂടെ കൊണ്ടുവരികയായിരുന്നു എന്നാണ് അര്‍ച്ചന പറഞ്ഞത്.

Similar Posts