India
ജനാര്‍ദ്ദന്‍ കോണ്‍സ്റ്റബിള്‍ അഭിമാനത്തോടെ സെല്യൂട്ട് ചെയ്തു എസ്.പിയായെത്തിയ മകനെ
India

ജനാര്‍ദ്ദന്‍ കോണ്‍സ്റ്റബിള്‍ അഭിമാനത്തോടെ സെല്യൂട്ട് ചെയ്തു എസ്.പിയായെത്തിയ മകനെ

Web Desk
|
29 Oct 2018 7:33 AM GMT

“മറ്റേതൊരു മേലുദ്യോഗസ്ഥനേയും പോലെ ആദരവോടെയാണ് മകനേയും കാണുക. എസ്.പിയുടെ എല്ലാ നിര്‍ദ്ദേശങ്ങളും അനുസരിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്...

മക്കളുടെ വിജയങ്ങള്‍ ഏതൊരു രക്ഷിതാക്കളുടേയും അഭിമാന മുഹൂര്‍ത്തങ്ങളാണ്. സ്വന്തം മകന്‍ മേലുദ്യോഗസ്ഥനായി എത്തിയപ്പോള്‍ സെല്യൂട്ട് ചെയ്ത നിമിഷമാണ് ഈ പൊലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളിലൊന്നായി മാറിയത്. ലക്‌നൗവിലെ പൊലീസ് കോണ്‍സ്റ്റബിളായ ജനാര്‍ദ്ദന്‍ സിംങാണ് മകനും എസ്.പിയുമായ അനൂപ് കുമാര്‍ സിംങിനെ അഭിമാനത്തോടെ സെല്യൂട്ട് ചെയ്തത്.

2014 ഐപിഎസ് ബാച്ചുകാരനായ അനൂപ് കുമാര്‍ സിംങ് ആദ്യമായാണ് സ്വന്തം പിതാവ് ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയുടെ മേലുദ്യോഗസ്ഥനാകുന്നത്. 'മറ്റേതൊരു മേലുദ്യോഗസ്ഥനേയും പോലെ ആദരവോടെയാണ് മകനേയും കാണുക. എസ്.പിയുടെ എല്ലാ നിര്‍ദ്ദേശങ്ങളും അനുസരിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്. ഞങ്ങളുടെ ബന്ധം ജോലിയില്‍ ഒരിക്കലും പ്രതിഫലിക്കില്ല' എന്നായിരുന്നു ജനാര്‍ദ്ദന്‍ സിംങിന്റെ ഇതേപറ്റിയുള്ള പ്രതികരണം.

പിതാവിന്റെ മേലുദ്യോഗസ്ഥനായിരിക്കുന്നത് ഒരു പരീക്ഷണമാണെന്നാണ് മകന്‍ അനൂപ് കുമാര്‍ പറഞ്ഞത്. 'എല്ലാക്കാലത്തും എന്റെ പ്രചോദനമാണ് അദ്ദേഹം. പിതാവിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് എല്ലാ ദിവസവും തുടങ്ങുക. അദ്ദേഹത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും പഠനത്തെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. എന്ത് ചെയ്യുമ്പോഴും മുഴുവന്‍ കഴിവുമുപയോഗിച്ച് ചെയ്യാനായിരുന്നു എപ്പോഴും പിതാവ് പറഞ്ഞിരുന്നത്' എന്നാണ് അനൂപ് കുമാര്‍ പ്രതികരിച്ചത്.

മകന്‍ കോളജില്‍ പഠിക്കുന്ന കാലം മുതല്‍ അവന്റെ കീഴുദ്യോഗസ്ഥനായി ജോലിയെടുത്ത് വിരമിക്കണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നെന്ന് ജനാര്‍ദ്ദന്റെ ഭാര്യ കഞ്ചന്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള ജനാര്‍ദ്ദന്‍ സിംങിന്റെ സ്വപ്‌നമാണ് ശനിയാഴ്ച്ചത്തെ ആ സെല്യൂട്ടിലൂടെ പൂര്‍ത്തിയായത്.

Similar Posts