India
ബാബ്‌രി കേസ് പരിഗണിക്കുന്നത് ജനുവരിലേക്ക് മാറ്റി
India

ബാബ്‌രി കേസ് പരിഗണിക്കുന്നത് ജനുവരിലേക്ക് മാറ്റി

Web Desk
|
29 Oct 2018 1:43 PM GMT

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്ന ബി.ജെ.പി മോഹത്തിന് തിരിച്ചടിയാണ് സുപ്രീം കോടതി തീരുമാനം.

ബാബരി മസ്ജിദ് ഭൂമി അവകാശ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. ഇതോടെ കേസില്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിധിയുണ്ടാകാനുള്ള സാധ്യത മങ്ങി. തെരഞ്ഞെടുപ്പില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്ന ബി.ജെ.പി മോഹത്തിന് തിരിച്ചടിയാണ് സുപ്രീം കോടതി തീരുമാനം.

അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വീതംവെച്ച 2010ലെ അലഹബാദ് കോടതി വിധിക്കെതിരായ ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. കേസില്‍ അന്തിമവാദം എന്നുമുതല്‍ വേണം, ഏത് ബെഞ്ച് വാദം കേള്‍ക്കണം, ദൈനംദിന വിചാരണ വേണമോ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ജനുവരിയില്‍ ഉചിതമായ ബഞ്ച് തീരുമാനമെടുക്കുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വ്യക്തമാക്കിയത്.

ഫലത്തില്‍ കേസില്‍ വിചാരണയും അന്തിമവിധിയും വൈകുമെന്ന് ഉറപ്പായി. വിചാരണ വേഗം പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് വിധി പുറപ്പെടുവിക്കണമെന്നായിരുന്നു കേസില്‍ കക്ഷികളായ ഹൈന്ദവ സംഘടനകളുടെയും ബി.ജെ.പിയുടെയും ആവശ്യം. കേസ് മാറ്റിവെച്ച തീരുമാനത്തില്‍ കക്ഷിയായ നിര്‍മോഹി അഖാര നിരാശ പ്രകടിപ്പിച്ചു.

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം വീണ്ടും സജീവമാക്കാന്‍ നീക്കം നടത്തിയ ബി.ജെ.പിക്കും സുപ്രീം കോടതി വിധി തിരിച്ചടിയായി. കേസില്‍ വിധി വൈകുമെന്നുറപ്പായതോടെ രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം വീണ്ടും ഉയരും. ഇത് എന്‍.ഡി.എ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് കൂടുതല്‍ വിവാദത്തിന് വഴിതെളിക്കും.

Similar Posts