India
മുസ്‍ലിംകളുടെ വോട്ട് കോണ്‍ഗ്രസിന്, അതിനാല്‍ ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട മന്ത്രിക്കെതിരെ കേസ്
India

മുസ്‍ലിംകളുടെ വോട്ട് കോണ്‍ഗ്രസിന്, അതിനാല്‍ ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട മന്ത്രിക്കെതിരെ കേസ്

Web Desk
|
30 Oct 2018 12:56 PM GMT

ഹിന്ദുക്കളെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആവശ്യപ്പെട്ട ബി.ജെ.പി മന്ത്രി ധന്‍സിങ് റാവത്തിനെതിരെയാണ് കേസ്.

മതം പറഞ്ഞ് വോട്ട് പിടിച്ച രാജസ്ഥാന്‍ മന്ത്രിക്കെതിരെ കേസ്. ഹിന്ദുക്കളെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആവശ്യപ്പെട്ട ബി.ജെ.പി മന്ത്രി ധന്‍സിങ് റാവത്തിനെതിരെയാണ് കേസ്.

"രാജസ്ഥാനിലെ ഹിന്ദുക്കളെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്യണം. മുസ്‍ലിംകള്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്യുക. അതുകൊണ്ട് ഹിന്ദുക്കള്‍ വോട്ട് ചെയ്ത് ബി.ജെ.പിയെ നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണം", എന്നാണ് ഒക്ടോബര്‍ 26ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ധന്‍സിങ് റാവത്ത് പറഞ്ഞത്.

ജനങ്ങളില്‍ സ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരാമര്‍ശമാണിതെന്നും മന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ജില്ലാഭരണകൂടം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ബന്‍സ്വാര പൊലീസ് അറിയിച്ചു.

മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കഠാരിയ രംഗത്തെത്തി. ബി.ജെ.പി മതത്തിന്‍റെ പേരില്‍ വോട്ട് തേടാറില്ല. വോട്ടിന് മതമില്ല. രാജ്യത്തിന് വികസനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും മന്ത്രി വിശദീകരിച്ചു. ഡിസംബര്‍ 7നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണും.

Similar Posts