മലേഗാവ് കേസ്: പ്രതികള്‍ക്കെതിരെ ഭീകരാക്രമണ ഗൂഢാലോചന, കൊലപാതക കുറ്റങ്ങള്‍ ചുമത്തി
|ലഫ്റ്റനന്റ് കേണല്‍ പുരോഹിത് അടക്കം 7 പേര്‍ക്കെതിരെ ഭീകരാക്രമണ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
മലേഗാവ് സ്ഫോടനക്കേസില്‍ കേണല്‍ പുരോഹിതും സാധ്വി പ്രജ്ഞാ താക്കൂറും അടക്കം ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി. എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് നടപടി. കുറ്റം ചുമത്തുന്നത് നീട്ടണമെന്ന പുരോഹിതിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. അടുത്തമാസം രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ പ്രതികളായ കേണല്‍ പുരോഹിത്, സാധ്വി പ്രജ്ഞാ താക്കൂര്‍, മേജര്‍ രമേശ് ഉപാധ്യായ് അടക്കം ഏഴ് പ്രതികള്‍ക്കെതിരെ ഭീകരാക്രമണ ഗൂഢാലോചന, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യു.എ.പി.എ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ് നടപടി. ഒരിക്കല്‍ തനിക്ക് എന്‍.ഐ.എ ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നും ഇപ്പോള്‍ കുറ്റം ചുമത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ്സിന്‍റെ ഗൂഢാലോചനയുണ്ടെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.
എന്നാല്‍ ഭീകരവാദത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേസിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേണല്‍ പുരോഹിത് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇത് പരിഗണിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് എന്‍.ഐ.എ കോടതി ഇന്ന് കേസ് കേട്ടതും കുറ്റം ചുമത്തിയതും. പ്രതികള്‍ക്കള്‍ക്കെതിരായ മക്കോക്ക വകുപ്പ് കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.