India
വെറും ചായയല്ല ഇത്, 24,501 രൂപ വിലയുള്ള പര്‍പ്പിള്‍ ചായ
India

വെറും ചായയല്ല ഇത്, 24,501 രൂപ വിലയുള്ള പര്‍പ്പിള്‍ ചായ

Web Desk
|
30 Oct 2018 8:03 AM GMT

കെനിയയാണ് ഈ ചായയുടെ ജന്‍മദേശമെന്നാണ് ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള പഠനങ്ങള്‍ പ്രകാരം നമ്മുടെ അസമാണ് ചായയുടെ ജന്‍മനാടെന്ന് കണ്ടെത്തി

ചായ പ്രേമികളാണ് നമ്മള്‍ ഇന്ത്യാക്കാര്‍. ഒരുഗ്രന്‍ ചായ കിട്ടിയാല്‍ ആ ദിവസം തന്നെ ധന്യമായി എന്ന് കരുതുന്നവര്‍. അഞ്ച് രൂപ മുതല്‍ മേലോട്ടാണ് ചായ വില. കൂടിപ്പോയാല്‍ നൂറോ നൂറ്റിയമ്പതോ വരും. എന്നാല്‍ കാല്‍ ലക്ഷം രൂപ വരുന്ന ഒരു കപ്പ് ചായയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അരുണാചല്‍ പ്രദേശിലാണ് പര്‍പ്പിള്‍ ടീ എന്ന പേരില്‍ തയ്യാറാക്കുന്ന ചായക്ക് ഇത്ര വില വരുന്നത്. കൃത്യമായി പറഞ്ഞാല്‍ 24,501 രൂപ. കെനിയയാണ് ഈ ചായയുടെ ജന്‍മദേശമെന്നാണ് ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള പഠനങ്ങള്‍ പ്രകാരം നമ്മുടെ അസമാണ് ചായയുടെ ജന്‍മനാടെന്ന് കണ്ടെത്തി. 2015 ലാണ് ടോക്ലൈ ടീ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിക്കുന്നത്.

പേര് പോലെ തന്നെ പര്‍പ്പിള്‍ നിറത്തിലുള്ളതാണ് ചായ. ഒരു കിലോഗ്രാം പര്‍പ്പിള്‍ ടീ ഉണ്ടാക്കാന്‍ 10,000 ഇലകള്‍ വേണ്ടിവരും. അഴക് മാത്രമല്ല ആരോഗ്യത്തിനും ഉത്തമമാണ് പര്‍പ്പിള്‍ ടീ. ആന്തോസയാനിന്‍ എന്ന ഫല്‍വനോയിഡിനാല്‍ സമ്പുഷ്ടമാണ്. ഇതാണ് പര്‍പ്പിള്‍ ടീയ്ക്ക് അതിന്റെ നിറം നല്‍കുന്നത്. ഇതിലാണ് ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതും. ക്യാന്‍സറിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഈ ചായ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. അസമിലെ ദുഗാര്‍ കോസ്മെറ്റിക് പ്രോഡക്ട്സ് ആണ് ചായ പ്രധാനമായും വില്‍ക്കുന്നത്.

Related Tags :
Similar Posts