India
ആര്‍.ബി.ഐക്ക് മേല്‍ പ്രത്യേകാധികാരപ്രയോഗ നീക്കം തള്ളാതെ കേന്ദ്രം
India

ആര്‍.ബി.ഐക്ക് മേല്‍ പ്രത്യേകാധികാരപ്രയോഗ നീക്കം തള്ളാതെ കേന്ദ്രം

Web Desk
|
31 Oct 2018 8:43 AM GMT

നയങ്ങളെച്ചൊല്ലി റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്കെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നുവെന്നായിരുന്നു

ആര്‍.ബി.ഐക്ക് മേല്‍ പ്രത്യേകാധികാരപ്രയോഗ നീക്കം തള്ളാതെ കേന്ദ്ര ധനമന്ത്രാലയം. പൊതുതാല്‍പര്യവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും മുന്‍നിര്‍ത്തിയാണ് ആര്‍.ബി.ഐ പ്രവര്‍ത്തിക്കേണ്ടത്. ആര്‍.ബി.ഐയുമായി ആശയവിനിമയം നടക്കുന്നുവെന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്താനികില്ലെന്നും കേന്ദ്ര ധനമന്ത്രാലയം വിശദീകരിച്ചു.

സാമ്പത്തിക നയങ്ങളെച്ചൊല്ലി റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത ഭിന്നത പൊട്ടിത്തെറിയിലേക്കെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നുവെന്നായിരുന്നു സൂചനകള്‍.

വന്‍കിട വായ്പാ തട്ടിപ്പുകള്‍ തുടര്‍ക്കഥയായതോടെ പൊതുമേഖലാ ബാങ്കുകള്‍ക്കും ബാങ്കിങിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മേല്‍ ആര്‍.ബി.ഐ സ്വീകരിച്ച കര്‍ശന അച്ചടക്ക നടപടികളെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായത്. ബാങ്കുകളെ കരകയറ്റാന്‍ വായ്പ ചട്ടം, കിട്ടാക്കടം തുടങ്ങിയവയില്‍ ആര്‍.ബി.ഐ പുതിയ നിബന്ധനകള്‍ കൊണ്ടുവന്നു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടെന്ന പ്രതീതി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന പൊടിക്കൈകള്‍ക്ക് വിലങ്ങുതടിയാണ് റിസര്‍വ് ബാങ്കിന്റെ നിലപാടുകള്‍.

വായ്പ ചട്ടങ്ങളില്‍ ഉദാരത വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ആര്‍.ബി.ഐ നിരസിച്ചത് തുറന്നപോരിന് വഴിവെച്ചു. കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിമര്‍ശത്തിനെതിരെ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ കടുത്ത ഭാഷയില്‍ രംഗത്തുവന്നു. പിന്നാലെയാണ് ആര്‍.ബി.ഐ ആക്ട് സെക്ഷന്‍ 7 പ്രകാരമുള്ള അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന സൂചനയും പുറത്തുവന്നത്. ആര്‍ ബി ഐയുടെ നയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന ഈ ചട്ടം ചരിത്രത്തില്‍ ഇതുവരെ പ്രയോഗിക്കപ്പെട്ടിട്ടില്ല. ഇതാണ് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ രാജിക്ക് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഇന്ന് നടക്കുന്ന ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ യോഗം നിര്‍ണായകമായിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനവും കിട്ടാക്കടങ്ങളോടുള്ള സമീപനവുമാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ കൂടി പങ്കെടുക്കുന്ന ഈ യോഗത്തിന്റെ മുഖ്യ അജണ്ട.

Related Tags :
Similar Posts