സഞ്ജീവ് ഭട്ട് ജയിലിലായിട്ട് രണ്ടുമാസം: ജാമ്യം ഇനിയും അകലെ
|പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സഞ്ജീവ് ഭട്ടിന്റെ ശല്യമുണ്ടാകാതിരിക്കാനാണ് അദ്ദേഹത്തെ അഴിക്കുള്ളിലാക്കിയതെന്ന് ഭാര്യ ശ്വേത
മോദി സര്‍ക്കാരിന്റെ വിമര്‍ശകനായ ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട് രണ്ടുമാസം പൂര്‍ത്തിയാകാറായിരിക്കുന്നു. ബി.ജെ.പിക്കും ഗുജറാത്ത് സര്‍ക്കാരിനും ഒരുപോലെ അനഭിമതനായതാണ് സഞ്ജീവ് ഭട്ടിന് ജാമ്യം നിഷേധിക്കാന്‍ കാരണവും.
മയക്കുമരുന്നായ കറുപ്പു ചെടി വളർത്തിയെന്നതിന് 1996 ൽ രജിസ്റ്റർ ചെയ്ത ഒരു കേസ് പിൻബലമാക്കി നിയമ നൂലാമാലകളിലൂടെ സഞ്ജീവ് ഭട്ടിനെ അകത്താക്കുകയാണ് ഗുജറാത്ത് പൊലീസ് ചെയ്തത്. സെപ്റ്റംബർ അഞ്ചിന് അറസ്റ്റിലായ മുൻ പൊലീസ് ഓഫിസറുടെ ജാമ്യാപേക്ഷ ദീപാവലി കഴിഞ്ഞ് നവംബർ 12നു മാത്രമാണ് ഇനി കോടതി പരിഗണിക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരുടെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരയാണ് ഭർത്താവെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത പറയുന്നു. 22 വർഷം പഴക്കമുള്ള കേസിൽ ഇപ്പോൾ മാത്രം ഇങ്ങനെയൊരു നടപടി ഉണ്ടായതിന് കാരണം പിന്നെ മറ്റെന്താണെന്ന് അവര്‍ ചോദിക്കുന്നു. മൊഴിയെടുക്കാനെന്ന പേരിലാണ് സെപ്റ്റംബർ അഞ്ചിന് രാവിലെ പൊലീസ് സഞ്ജീവ് ഭട്ടിനെ കൂട്ടിക്കൊണ്ടുപോയത്. സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിൽ കൂടുതൽ കാലം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങളിലും ശ്വേത കടുത്ത സംശയം പ്രകടിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സഞ്ജീവ് ഭട്ടിന്റെ ശല്യമുണ്ടാകാതിരിക്കാനാണ് അദ്ദേഹത്തെ അഴിക്കുള്ളിലാക്കിയതെന്നും ശ്വേത കുറ്റപ്പെടുത്തി. തങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ ഗുജറാത്ത് സർക്കാർ പിൻവലിച്ചെന്നും മുന്നറിയിപ്പില്ലാതെ വീടിന്റെ ഒരു ഭാഗം മുനിസിപ്പൽ കോർപറേഷൻ ഇടിച്ചു കളഞ്ഞുവെന്നും ശ്വേത പറയുന്നു.
2002ലെ ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഒത്താശ ചെയ്തുവെന്ന് സഞ്ജീവ് ഭട്ട് 2011 ൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അതിനുപിന്നാലെ അദ്ദേഹത്തെ പൊലീസിൽനിന്ന് സസ്പെൻഡ് ചെയ്തു; 2015ൽ പുറത്താക്കി.