India
കുറഞ്ഞ നിരക്കില്‍ ഇനി ഇഷ്ടമുള്ള ചാനലുകള്‍ കാണാം: സ്റ്റാറിന്റെ ഹരജി സുപ്രിം കോടതി തള്ളി
India

കുറഞ്ഞ നിരക്കില്‍ ഇനി ഇഷ്ടമുള്ള ചാനലുകള്‍ കാണാം: സ്റ്റാറിന്റെ ഹരജി സുപ്രിം കോടതി തള്ളി

Web Desk
|
31 Oct 2018 5:46 AM GMT

ഉപഭോക്താക്കള്‍ ഇഷ്ടമുള്ള ചാനലുകൾമാത്രം തിരഞ്ഞെടുക്കുകയും അതിനുമാത്രം പണം നൽകുകയും മതിയെന്ന് ട്രായ്.ചാനലുകളുടെ നിരക്ക് നിശ്ചയിക്കാനും നിയന്ത്രണങ്ങൾ നടപ്പിലാക്കാനും ട്രായിക്ക് അധികാരമില്ലെന്ന് സ്റ്റാര്‍

ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്കെതിരെ സ്റ്റാർ ഇന്ത്യ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. മദ്രാസ് ഹൈക്കോടതി നേരത്തെ ട്രായ് തയ്യാറാക്കിയ നിബന്ധനകൾ ശരിവെച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുകയായിരുന്നു സ്റ്റാര്‍ ഇന്ത്യ. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഇതോടെ കേബില്‍ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ തങ്ങളുടെ ടെലിവിലഷനില്‍ ഇഷ്ടമുള്ള ചാനൽ കാണാനുള്ള സൗകര്യമാണ് ഉണ്ടായിരിക്കുന്നത്.

2016 ഒക്ടോബറിൽ തന്നെ ട്രായ് പുതിയ നിയന്ത്രണങ്ങളുടെ കരട് പുറത്തിറക്കിയിരുന്നു. ഡി.ടി.എച്ച്. കമ്പനികൾ ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ പോയതിനാലാണ് ഇത് നടപ്പിലാക്കാൻ വൈകിയത്. മദ്രാസ് ഹൈക്കോടതിയുടെ വിധി പുറത്തുവന്ന ശേഷമാണ് ട്രായ് കഴിഞ്ഞ ജൂലായ് മൂന്നിന് ഇത് നടപ്പിലാക്കിയത്. ഡിസംബർ അവസാനത്തോടെ ട്രായിയുടെ നിയന്ത്രണങ്ങൾക്കനുസൃതമായി ടെലിവിഷൻ സംപ്രേഷണം മാറുമെന്നാണ് പ്രതീക്ഷ.

ഉപഭോക്താക്കള്‍ക്ക് തങ്ങൾക്കിഷ്ടമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുക്കുകയും അതിനു മാത്രം പണം നൽകുകയും മതിയെന്ന സംവിധാനമാണ് ട്രായ് കൊണ്ടു വന്നിരുന്നത്. എന്നാല്‍ ചാനലുകളുടെ നിരക്ക് നിശ്ചയിക്കാനും മറ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കാനും ട്രായിക്ക് അധികാരമില്ലെന്നായിരുന്നു സ്റ്റാറിന്റെ വാദം. ഇതാണ് കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.

കോടതി വിധി കൂടി വന്നതോടെ 100 ചാനലുകൾക്ക് ഉപഭോക്താവ് നൽകേണ്ടത് വെറും 130 രൂപയും നികുതിയും മാത്രമാകും. ടാറ്റ സ്‌കൈ, ഡിഷ് ടി.വി. തുടങ്ങി രാജ്യത്തെ ഡി.ടി.എച്ച്. കമ്പനികളോ കേബിൾ ടെലിവിഷൻ കമ്പനികളോ കൂട്ടമായി നൽകുന്ന ചാനൽ പാക്കേജുകൾ വാങ്ങേണ്ട ഗതികേട് ഇനിയുണ്ടാവില്ല.

പേ, എച്ച്.ഡി, പ്രീമിയം ചാനലുകൾക്കും വില നിയന്ത്രണമുണ്ട്. ഓരോ വിഭാഗത്തിലുള്ള ചാനലുകൾക്കും പരമാവധി വില ട്രായ് നിശ്ചയിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജുകളുടെ നിരക്ക് പ്രഖ്യാപിക്കാൻ 180 ദിവസമാണ് ട്രായ് അനുവദിച്ചിരിക്കുന്നത്.

ട്രായിയുടെ നിർദേശ പ്രകാരം സ്റ്റാർ ഒഴികെ മറ്റെല്ലാ കമ്പനികളും തങ്ങളുടെ ചാനലുകളുടെ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സോണി, സീ തുടങ്ങിയ കമ്പനികൾ തങ്ങളുടെ മുഴുവൻ സൗജന്യ ചാനലുകളും ഇതിന്റെ ഭാഗമായി പേ ചാനലുകളാക്കി മാറ്റിക്കഴിഞ്ഞു.

Related Tags :
Similar Posts