പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ദൌത്യവുമായി ചന്ദ്ര ബാബു നായിഡു വീണ്ടും ഡല്‍ഹിയില്‍
|ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ദൌത്യവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ എന്‍. ചന്ദ്ര ബാബു നായിഡു വീണ്ടും ഡല്‍ഹിയില്‍. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നായിഡു ഡല്‍ഹിയിലെത്തുന്നത്.
നേരത്തെ ശക്തമായിരുന്ന പ്രതിപക്ഷ ഐക്യനീക്കം ഏറെക്കുറെ നിലച്ചസാഹചര്യത്തിലാണ് ദൌത്യമേറ്റെടുത്തുള്ള ചന്ദ്ര ബാബു നായിഡുവിന്റെ നീക്കം. ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെത്തിയ ചന്ദ്രബാബു നായിഡു എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി നേതാവ് മായാവതി, നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് എന്നിവരെ കണ്ട് മടങ്ങിയിരുന്നു. കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തി പ്രതിപക്ഷ ഐക്യം പ്രായോഗികമല്ലെന്നാണ് നായിഡുവിന്റെ വിലയിരുത്തലെന്നായിരുന്നു അന്ന് രാഹുലുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതിന് ടി.ഡി.പി നല്‍കിയ വിശദീകരണം.
ഇതിന്റെ തുടര്‍ച്ചയായാണ് നായിഡു വീണ്ടും ഡല്‍ഹിയിലെത്തുന്നതും രാഹുലുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നതും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരുമായും കൂടിക്കാഴ്ച നിശ്ചയിച്ചതായാണ് വിവരം. പ്രധാനമന്ത്രിയാകാനല്ല, എല്ലാവരുടെയും സമ്മതത്തോടെ ഐക്യമുണ്ടാക്കി ഒരുമിപ്പിക്കാനാണ് നീക്കമെന്നാണ് നായിഡുവിന്റെ പ്രതികരണം. എന്‍.ഡി.എ ഭരണത്തിന് കീഴില്‍ രാജ്യം അപകടത്തിലാണെന്നതിനാല്‍ രക്ഷിക്കാന്‍ തന്നെ കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്നും എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ട് വരിക പ്രയാസമാണെങ്കിലും അസാധ്യമല്ലെന്നും നായിഡു പറയുന്നു.