തെലുഗ് ദേശം പാര്‍ട്ടി യു.പി.എയിലേക്ക്
|ചന്ദ്രബാബു നായിഡുവും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് തീരുമാനമെന്ന് രാഹുല്‍ ഗാന്ധി.
ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു യു.പി.എയിലേക്ക്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുമായി നായിഡു ഇന്ന് കൂടിക്കാഴ്ച നടത്തി. വിശാല സഖ്യ രൂപീകരണത്തിന് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്ന് പരിപാടികൾ ആവിഷ്കരിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.
യു.പി.എയുടെ ഭാഗമാകാനുള്ള കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലിയുടെ ക്ഷണത്തിന് തൊട്ട് പിന്നാലെയാണ് ചന്ദ്രബാബുനായിഡു ഡല്‍ഹിയിലെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴിലെത്തിക്കുക എന്ന ദൌത്യമേറ്റെടുത്തായിരുന്നു വരവ്.
രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് നായിഡുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയാണ് മുഖ്യം. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കും.
സഖ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നയിക്കുമെന്ന് രാഹുൽ ഗാന്ധി പറയുമ്പോൾ ചന്ദ്രബാബു നായിഡുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. എൻ.സി.പി നേതാവ് ശരത് പവാർ, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരുമായും നായിഡു കൂടിക്കാഴ്ച്ച നടത്തി. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് നായിഡു ഡല്‍ഹിയിലെത്തി പ്രതിപക്ഷ നേതാക്കളെ കണ്ടത്.