രാജസ്ഥാനില്‍ വിയര്‍ത്ത് ബി.ജെ.പി; പ്രതീക്ഷയോടെ കോണ്‍ഗ്രസ്
|രാജപുത് വിഭാഗവും, ഗുജ്ജറുകളും ഇടഞ്ഞുനിൽക്കുന്നു. തുടർച്ചയായി കർഷകവിരുദ്ധ നയം സ്വീകരിച്ചതും ബി.ജെ.പിക്ക് തിരിച്ചടിയായേക്കും.
രാജസ്ഥാനിൽ 2013ൽ അനായാസ വിജയം സ്വന്തമാക്കിയ ബി.ജെ.പിക്ക് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. വസുന്ധരരാജ സിന്ധ്യ സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം തന്നെ കാരണം. സച്ചിൻ പൈലറ്റിനെ മുൻ നിർത്തിയുള്ള കോൺഗ്രസിന്‍റെ പ്രചാരണം ഫലം കാണുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ചിടങ്ങളിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. കേരളത്തിന് സമാനമായി മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന ശീലമാണ് രാജസ്ഥാനിലും ഉള്ളത്. കഴിഞ്ഞ 25 വർഷമായി കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുകയാണ് രാജസ്ഥാൻ. 2013ൽ 200ൽ 163 സീറ്റും നേടി മിന്നുംവിജയമാണ് സംസ്ഥാനത്ത് ബി.ജെ.പി നടത്തിയത്.
വസുന്ധര രാജ സിന്ധ്യ ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെ ഇക്കുറി താഴെയിറക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. അഭിപ്രായ സർവേകളും കോൺഗ്രസിന് അനുകൂലമാണ്. എന്നാൽ ഇത് മാത്രമല്ല, ബി.ജെ.പിയെയും വസുന്ധര രാജ സിന്ധ്യയെയും സമ്മർദത്തിലാക്കുന്നത്. വസുന്ധര സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണ്. കൂടാതെ, പാർട്ടിക്ക് അകത്ത് തന്നെ വസുന്ധരയോട് വിയോജിപ്പുള്ളവരുടെ എണ്ണവും കൂടി.
രാജപുത് വിഭാഗവും, ഗുജ്ജറുകളും ഇടഞ്ഞുനിൽക്കുന്നു. തുടർച്ചയായി കർഷകവിരുദ്ധ നയം സ്വീകരിച്ചതും തിരിച്ചടിയായി. മറു ഭാഗത്തുള്ളത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ആണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സച്ചിനെ മുൻ നിർത്തിയാണ് കോൺഗ്രസിന്റെ പ്രചാരണങ്ങൾ. 2013ലേറ്റ നാണം കെട്ട തോൽവിയെ മറികടക്കുകയാണ് ലക്ഷ്യം. വസുന്ധരയെക്കാൾ ജനപ്രിയ മുഖമായി സച്ചിൻ പൈലറ്റ് മാറിയത് കാര്യങ്ങൾ എളുപ്പമാക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.