ആര്.ബി.ഐ-സര്‍ക്കാര്‍ പോര്;താത്കാലിക വെടിനിര്‍ത്തലെന്ന് സൂചന
|ആര്.ബി.ഐയുടെ സ്വയം ഭരണാവകാശം അംഗീകരിക്കുന്നുവെന്ന വിശദീകരണം സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.
റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലെ ഭിന്നതയില്‍ താത്കാലിക വെടിനിര്‍ത്തല്‍. ആര്.ബി.ഐയുടെ സ്വയം ഭരണാവകാശം അംഗീകരിക്കുന്നുവെന്ന വിശദീകരണം സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ഊര്‍ജിത് പട്ടേലിന്റെ രാജി ഉടനുണ്ടാവില്ലെന്നും വിലയിരുത്തപ്പെടുന്നു.
ആര്.ബി.ഐ ആക്ടിന്റെ സെക്ഷന്‍ 7 ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് നയപരമായ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിയെന്ന വാര്‍ത്തയാണ് സര്‍ക്കാര്‍-ആര്.ബി.ഐ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്ന പ്രതീതി ജനിപ്പിച്ചത്. ആര്.ബി.ഐയുടെ സ്വയംഭരണാവകാശം മറികടന്ന് സര്‍ക്കാര്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ച് ഊര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹവും പരന്നു. എന്നാല്‍ ആര്.ബി.ഐയുമായുള്ള ആശയവിനിമയങ്ങള്‍ സ്ഥിരീകരിച്ച കേന്ദ്ര സര്‍ക്കാര്‍ തന്നെ ബാങ്കിന്റെ സ്വയംഭരണാവകാശത്തെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി. രാജ്യത്ത് സാന്പത്തിക അടിയന്തരാവസ്ഥയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി കൂടുതല്‍ വിവാദ പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല.
നയപരമായ കാര്യങ്ങളില്‍ ആര്.ബി.ഐ നിലപാടിലെ അതൃപ്തി പ്രകടമാക്കുമ്പോഴും കാര്യങ്ങള്‍ വഷളാക്കാനില്ലെന്നാണ് അരുണ്‍ ജെയ്റ്റ്ലിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 19 ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്തതു വഴി ഉടന്‍ രാജിക്കില്ലെന്ന സൂചന ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും നല്കുന്നു.