ഐക്യത്തിന് പ്രതിമ പണിയുന്നവര്‍ രാജ്യത്ത് വിദ്വേഷം പടരുന്നത് കണ്ടില്ലെന്ന് നടിക്കുന്നു?
|താന്‍ ചെയ്യുന്ന ജോലിയില്‍ അപകടം പതിയിരിക്കുന്നുണ്ടെന്ന് അലീമുദ്ദീന്‍ അന്‍സാരിക്ക് അറിയാമായിരുന്നു. പശുവിനെ കൊല്ലല്‍ നിയമം മൂലം നിരോധിച്ച സംസ്ഥാനങ്ങളുള്ള ഇന്ത്യയില്‍ ബീഫ് കച്ചവടം ചെയ്യുന്നതും കടത്തുന്നതും അത്രമേല്‍ അപകടകരമായതുകൊണ്ട് തന്നെയാണ് ജാര്‍ഖണ്ഡിലെ തീവ്ര ഹിന്ദുത്വ വാദികള്‍ അദ്ദേഹത്തിന് മേല്‍ നോട്ടമിട്ടതും. 2017 ജൂണ്‍ മാസത്തിലെ പൊള്ളുന്ന ഒരു പകലില്‍ അവര്‍ അദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിച്ച് തിരക്കുള്ള ഒരു മാര്‍ക്കറ്റില്‍ എത്തിച്ചു. ഒരു വാന്‍ നിറയെ ബീഫുമായി അലീമുദ്ദീന്‍ അന്‍സാരി എത്തിയപ്പോള്‍ മാരകായുധങ്ങളുമായി അദ്ദേഹത്തെ കാത്ത് പശു ഭീകരര്‍ അവിടെയുണ്ടായിരുന്നു. അന്‍സാരിയുടെ കാര്യത്തില്‍ അദ്ദേഹം ഭയപ്പെട്ടത് തന്നെ സംഭവിച്ചു.
2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ അനുകൂല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്
2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ അനുകൂല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യാ സ്‌പെന്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെടുന്നവരില്‍ ഭൂരിഭാഗം മുസ്ലിംകളും മറുപക്ഷത്ത് ഹിന്ദുത്വ വാദികളുമാണ്.
മതത്തിന്റെ പേരില്‍ അരങ്ങേറുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ പ്രത്യേകമായി സൂക്ഷിക്കുന്നില്ല. അത്‌കൊണ്ട്തന്നെ അതുമായി ബന്ധപ്പെട്ട കണക്കുകളും സര്‍ക്കാരിന്റെ കയ്യിലില്ല. രണ്ട് മതവിഭാഗങ്ങള്‍ക്കിടയിലുണ്ടാകുന്ന വര്‍ഗ്ഗീയ കലാപം പോലോത്തവ മാത്രമാണ് സര്‍ക്കാര്‍ രേഖപ്പെടുത്തുന്നത്. ഈ കണക്ക് പ്രകാരം 2014 നും 2017 നുമിടയില്‍ രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങളില്‍ 28 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് അരങ്ങേറിയ വിദ്വേഷ കൊലപാതകങ്ങളില്‍ മിക്കതും നടന്നത് പശുവിന്റെ പേരിലാണ്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ 80 ശതമാനത്തിന്റെയും വിശ്വാസ പ്രകാരം പശു വിശുദ്ധ മൃഗമാണ്. പശുവിനെ അമ്മയായി കാണുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശുവിനെ കശാപ്പ് ചെയ്യല്‍ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, ഈ നിയമം മറയാക്കി തീവ്ര ഹിന്ദുത്വ ശക്തികള്‍ പശു സംരക്ഷണത്തിന്റെ പേരില്‍ മാരകായുധങ്ങളുമേന്തി റോഡുകളില്‍ പട്രോളിങ്ങ് നടത്തുകയും കാലികളെ കയറ്റുന്ന ട്രക്കുകള്‍ തടഞ്ഞുനിര്‍ത്തി നിയമം സ്വയം നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വിദ്വേഷ കൊലപാതകങ്ങളില്‍ അവസാനിക്കുന്നു.
പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാരാളം സമയം വേണ്ടിവന്നു. പ്രധാനമന്ത്രിക്ക് ആത്മാര്‍ത്ഥതയില്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെയാണ് രാജ്യത്ത് പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് എന്നാണ് ബി.ജെ.പി വിമര്‍ശകര്‍ പറയുന്നത്. 2018 ല്‍ നടന്ന വിദ്വേഷ കൊലപാതക്ങ്ങളില്‍ ഭൂരിഭാഗവും നടന്നത് ഉത്തര്‍ പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് പോലോത്ത ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആണെന്നത് ഈ വാദത്തെ സാധൂകരിക്കുന്നുണ്ട്.
പശു ഭീകരര്‍ ഒരാഴ്ചയായി അലീമുദ്ദീന്‍ അന്‍സാരിയെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. 2017 ജൂണ്‍ 29 ന് രാവിലെ അലീമുദ്ദീന്‍ അന്‍സാരി തന്റെ വാനില്‍ ബീഫുമായി മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന് പശു ഭീകരരെ അറിയിച്ചത് അവര്‍ തന്നെ ഏര്‍പ്പാടാക്കിയ ഒരു ചാരനാണ്. കോടതി രേഖകള്‍ പ്രകാരം ദീപക് മിശ്രയെന്ന ഒരു ബ്രാഹ്മണ പൂജാരിയാണ് സ്ഥലത്തെത്താനാവശ്യപ്പെട്ട് കൊണ്ട് പശു ഭീകരര്‍ക്ക് വാട്‌സാപ്പില്‍ സന്ദേശമയച്ചത്. പശു ഭീകരര്‍ ബൈക്കുകളില്‍ അന്‍സാരിയുടെ വാനിനെ പിന്തുടരുകയും മാര്‍ക്കറ്റല്‍ വെച്ച് തടയുകയും ചെയ്തു. അദ്ദേഹത്തെ അവര്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിറക്കുകയും മുളവടികള്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
'ഞാന്‍ അയാളെ എന്റെ മുഷ്ടികള്‍ കൊണ്ട് ഇടിക്കുകയും കാലുകള്‍ കൊണ്ട് തൊഴിക്കുകയും ചെയ്തു. അയാളുടെ നെഞ്ചിലും വയറ്റിലും ഞാന്‍ തുടരെ തുടരെ ചവിട്ടി,' പോലീസിന് നല്‍കിയ മൊഴിയില്‍ മിശ്ര പറയുന്നു. സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ അവശനായ അന്‍സാരിയെ ചുറ്റും കൂടിയ ജനക്കൂട്ടം ക്രൂരമായി മര്‍ദിക്കുന്നത് കാണാമായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ വാന്‍ മറിച്ചിടുകയും തീ വെക്കുകയും ചെയ്തു. വാനിലുണ്ടായിരുന്ന ഇറച്ചി മുഴുവന്‍ റോഡില്‍ പരന്നുകിടന്നു. പുറത്തേക്ക് വീണ ബീഫ് കഷ്ണങ്ങള്‍ ആള്‍ക്കൂട്ടത്തിന്റെ വിദ്വേഷം കൂടുതല്‍ ആളിക്കത്തിച്ചു. 'അയാളെ അടിച്ച് കൊല്ലൂ'' അവര്‍ ആക്രോശിച്ച് കൊണ്ടിരുന്നു.
പോലീസ് വന്നപ്പോഴേക്കും ആള്‍ക്കൂട്ടം ചിതറിപ്പോയിരുന്നു. പക്ഷെ, അപ്പോഴേക്കും സമയം ഒരുപാട് വൈകിപ്പോയി. ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട അന്‍സാരി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. മര്‍ദനത്തിലേറ്റ മുറുവുകള്‍ കാരണമാണ് അദ്ദേഹം മരണപ്പെട്ടതെന്ന് പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
അന്‍സാരിയെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി എന്ന് മാത്രമല്ല കൊലപാതകത്തിന്റെ ദൃശ്യം വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തു പശു ഭീകരര്‍. വിദ്വേഷവും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കാനുള്ള പ്രധാന മാധ്യമമായി ഇന്ത്യയില്‍ വാട്‌സാപ്പ് മാറിയിട്ടുണ്ട്. ജനക്കൂട്ടം അലീം അന്‍സാരിയെ കൊലപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ഭാര്യ മറിയം ഖാത്തുനും അവരുടെ മകനും മൊബൈല്‍ ഫോണില്‍ കാണേണ്ടി വന്നു.
'എന്റെ പിതാവ് നല്ല മനുഷ്യനായിരുന്നു. പണമില്ലാത്ത സമയത്ത് ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വയം പട്ടിണി കിടക്കുമായിരുന്നു'' അന്‍സാരിയുടെ മകന്‍ 22 കാരനായ ഷഹ്‌സാദ് അഖ്തര്‍ പറയുന്നു. വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ അവ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിലും താഴ്ന്ന ജാതികളിലും പെട്ട ഇരകളെ ഭീഷണിപ്പെടുത്താനാണെന്ന് വ്യക്തമാക്കുന്നു ന്യു ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഹര്‍ഷ് മന്ദിര്‍.
വര്‍ഗ്ഗീയ കലാപങ്ങളുടെ കറ പുരണ്ടതാണ് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കരിയര്‍. 2002 ല്‍ ആയിരത്തോളം മുസ്ലിംകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ പേരില്‍ വിചാരണ നേരിട്ടയാളാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി. 2014ന് ശേഷം രാജ്യത്ത് അരങ്ങേറിയ മിക്ക വിദ്വേഷ കുറ്റകൃത്യങ്ങളിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അനുയായികള്‍ കുറ്റാരോപിതരാണ്. പശു കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ജയിലില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ നരേന്ദ്ര മോദിയുടെ പാര്‍ട്ടിയിലെ കേന്ദ്ര മന്ത്രി അവരെ മാലയിട്ട് സ്വീകരിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായി. ഐക്യത്തിന് വേണ്ടി കോടികള്‍ മുടക്കി പ്രതിമ നിര്‍മ്മിക്കുന്നവര്‍ രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന വിദ്വേഷത്തെ കാണാതെ പോകുന്നു എന്നതാണ് ദു:ഖകരം.