രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി തെലങ്കാന
|തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷം മുന്‍പ് നിയസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.
നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ശേഷം രൂപം കൊണ്ട തെലങ്കാന സംസ്ഥാനം രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിനാണ് ഒരുങ്ങുന്നത്. തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷം മുന്‍പ് നിയസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഭരണനേട്ടത്തിന്റെ ബലത്തില്‍ വീണ്ടും അധികാരത്തില്‍ വരാമെന്ന പ്രതീക്ഷയിലാണ് തെലങ്കാന രാഷ്ട്രസമിതിയുടെ അധ്യക്ഷന്‍ കൂടിയായ കെ.ചന്ദ്രശേഖര്‍ റാവു.
2014ലെ പൊതുതെരഞ്ഞെടുപ്പിന് ഒപ്പമാണ് തെലങ്കാന നിയമസഭയിലേക്ക് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 119 സീറ്റുള്ള നിയമസഭയില്‍ 63 സീറ്റ് നേടി ടി.ആര്‍.എസ് ഭരണമുറപ്പിച്ചു. പിന്നീട് കോണ്‍ഗ്രസ്, ടി.ഡി.പി, വൈ.എസ്.ആര്‍.സി.പി, ബി.എസ്.പി എന്നീ പാര്‍ട്ടികളില്‍ നിന്നായി 19 അംഗങ്ങള്‍ ടി.ആര്‍.എസില്‍ എത്തി. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടന്നാല്‍ ദേശീയ രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ തന്റെ വികസനനേട്ടങ്ങള്‍ മുങ്ങിപ്പോകുമെന്ന് വിലയിരുത്തിയാണ് 2019 മെയ് വരെ കാലാവധിയുള്ള നിയമസഭ ചന്ദ്രശേഖര്‍ റാവു പിരിച്ചുവിട്ടത്.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ചര്‍ച്ചയാക്കി അനുകൂല തംരഗമുണ്ടാക്കാമെന്നാണ് ടി.ആര്‍.എസിന്റെ കണക്കുകൂട്ടല്‍. 10 ജില്ലകള്‍ മാത്രമായിരുന്ന തെലങ്കാനയെ 31 ജില്ലകളായി വിഭജിച്ചത് വോട്ടായി മാറുമെന്ന് റാവു പ്രതീക്ഷിക്കുന്നു. ടി.ആര്‍.എസിനെ നേരിടുന്നതാകട്ടെ പ്രതിപക്ഷത്തെ രണ്ട് മുന്നണികളാണ്. കോണ്‍ഗ്രസ്, ടി.ഡി.പി, ടി.ജെഎസ്, സി.പി.ഐ എന്നിവരടങ്ങുന്ന വിശാല സഖ്യവും സി.പി.എം നേതൃത്വത്തില്‍ 28 ചെറുപാര്‍ട്ടികളുടെ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ടും. ബി.ജെ.പി തനിച്ചും മത്സരരംഗത്തുണ്ട്. പ്രതിപക്ഷ വോട്ട് ഭിന്നിക്കുന്നതോടെ ജയം എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് ടി.ആര്‍.എസ്