‘ഐക്യത്തിന് വേണ്ടി ഓടൂ’ വേദിയിൽ ബി.ജെ.പി പ്രവർത്തകർ ചേരി തിരിഞ്ഞ് തല്ല്
|ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഗുജറാത്തിലെ അനാവരണച്ചടങ്ങിന് മുന്നോടിയായുള്ള റണ്‍ ഫോര്‍ യൂണിറ്റി (ഐക്യത്തിന് വേണ്ടി ഓടൂ) ദക്ഷിണ ഡൽഹി വേദിയിൽ ബി.ജെ.പി പ്രവർത്തകർ ചേരി തിരിഞ്ഞ് തല്ല്. ദക്ഷിണ ഡൽഹിയിലെ റണ്‍ ഫോര്‍ യൂണിറ്റി വേദിയിലാണ് സംഘർഷം അരങ്ങേറിയത്. ബി.ജെ.പിയുടെ നേതാവായ ചന്ദൻ ചൗധരിയുടെയും ബി.ജെ.പി എം.പി രമേശ് ബിന്ദുരിയുടെയും അനുയായികളാണ് വേദി പങ്കിടുന്നതിനെ ചൊല്ലി സംഘർഷത്തിലേർപ്പെട്ടത്.
ബിന്ദുരിയുടെ അനുയായികൾ തങ്ങളെ അവഹേളിച്ചെന്നും വേദിയിൽ നിന്നും പുറത്താക്കിയെന്നും ചൗധരി പരാതി പറയുന്നു. ‘രാഷ്ട്രീയപരമായ ഗൂഢാലോചന’ എന്നാണ് രമേശ് ബിന്ദുരി ചൗധരിയുടെ ആരോപണത്തോട് പ്രതികരിച്ചത്. സംഭവം അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയെ തന്നെ നിയമിച്ചെന്നും രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡൽഹി ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരി അറിയിച്ചു. ശേഷം രണ്ട് വിഭാഗത്തിൽ പെട്ടവരും ഡൽഹി ബി.ജെ.പി ഓഫീസിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനത്തിന്റെ ഭാഗമായി ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘റൺ ഫോർ യൂണിറ്റി’ കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു.