India
മുത്തലാഖ് ഓര്‍ഡിനന്‍സ്; സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി 
India

മുത്തലാഖ് ഓര്‍ഡിനന്‍സ്; സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി 

Web Desk
|
2 Nov 2018 7:49 AM GMT

മുത്തലാഖ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമസ്ത സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി.

മുത്തലാഖ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമസ്ത സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചാല്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞു. പാര്‍ലമെന്റില്‍ മുത്തലാഖ് ബില്‍ പാസായാല്‍ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ സമസ്ത ഹരജി പിന്‍വലിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാപരമായി നിലനില്‍ക്കില്ല എന്നായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാദം.

അതിനാല്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആവശ്യം പരിഗണിക്കാ നാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹരജിയില്‍ ഇടപെടാനാകില്ല. സെപ്തംബര്‍ 19നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇപ്പോള്‍ രണ്ട് മാസം കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കകം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കും. ഈ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്ന ബില്‍ പാസായാല്‍ ഹരജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അപ്പോള്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ഇതോടെ സമസ്ത ഹരജി പിന്‍വലിക്കുകയായിരുന്നു. മൂന്ന് തലാഖ് ഒന്നിച്ച് ചൊല്ലി വിവാഹ ബന്ധം വിച്ഛേദിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ വ്യവസ്ഥകളോടുള്ള പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല.

Similar Posts