രാമക്ഷേത്രത്തിനായി ഇനിയും കാത്തിരിക്കാനാകില്ല; ആവശ്യമെങ്കില്‍ 1992 ആവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്
|ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായുളള കൂടിക്കാഴ്ചക്ക് ശേഷം ഭയ്യാജി ജോഷിയാണ് ആര്‍.എസ്.എസിന്റെ നിലപാട് അറിയിച്ചത്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് സമ്മര്‍ദ്ദം ശക്തമാക്കി ആര്‍.എസ്.എസ്. രാമക്ഷേത്രത്തിനായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും വേണ്ടിവന്നാല്‍ രഥയാത്ര മാതൃകയില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് ആര്‍.എസ്.എസ് പ്രഖ്യാപനം. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കൂടിക്കാഴ്ച നടത്തി.
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച 1992 ലെ രഥയാത്ര മാതൃകയിലുള്ള രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കാന്‍ മടിക്കില്ലെന്നാണ് ആര്‍.എസ്.എസ് വ്യക്തമാക്കുന്നത്. താനെയില്‍ ആര്‍.എസ്.എസിന്റെ ത്രിദിന എക്സിക്യുട്ടീവ് യോഗത്തിന് ശേഷമാണ് നേതൃത്വത്തിന്റെ പ്രതികരണം. രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും ആര്‍.എസ്.എസ് സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കി.
ഓര്‍ഡിന്‍സ് ഉള്‍പ്പെടെയുള്ളവയുടെ സാധ്യതകള്‍ മോഹന്‍ ഭാഗവത് - അമിത് ഷാ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന. രാമക്ഷേത്ര നിര്‍മാണത്തിന് സ്വകാര്യ ബില്‍ അതരിപ്പിക്കുമെന്ന ബി.ജെ.പി എം.പി രാകേഷ് സിന്‍ഹയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സമ്മര്‍ദ്ദം ശക്തമാക്കി ആര്‍.എസ്.എസ് പരസ്യമായി രംഗത്തുവരുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും 2019ലെ പൊതുതെരഞ്ഞെടുപ്പുമാണ് ആര്‍.എസ്.എസും ബിജെപിയും ഉന്നംവെയ്ക്കുന്നത്. അതേസമയം രഥയാത്ര പോലുള്ള പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ച വര്‍ഗീയ ഛിദ്രതയുടെ ചരിത്രം ആശങ്കയും ഉയര്‍ത്തുന്നുണ്ട്.