India
വിമര്‍ശകരെ നീക്കി; നെഹ്‌റു സ്മാരക മ്യൂസിയം, ലൈബ്രറി സൊസൈറ്റി അംഗമായി അര്‍ണബ് ഗോസ്വാമിയെ നിയമിച്ച് കേന്ദ്രം  
India

വിമര്‍ശകരെ നീക്കി; നെഹ്‌റു സ്മാരക മ്യൂസിയം, ലൈബ്രറി സൊസൈറ്റി അംഗമായി അര്‍ണബ് ഗോസ്വാമിയെ നിയമിച്ച് കേന്ദ്രം  

Web Desk
|
3 Nov 2018 9:16 AM GMT

നെഹ്‌റു സ്മാരക മ്യൂസിയം, ലൈബ്രറി സൊസൈറ്റിയിലെ മൂന്ന് അംഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തു. ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന നെഹ്‌റു മ്യൂസിയം എല്ലാ പ്രധാന മന്ത്രിമാരുടെയും സ്മാരകമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്തതിനാലാണ് ഇവര്‍ക്കെതിരെയുള്ള നടപടി.

റിപ്പബ്ലിക്ക് ടിവി മേധാവിയും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമി, മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍, ബി.ജെ.പി എം.പിയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ് പ്രസിഡന്റ് വിനയ് സഹസ്രാബുദ്ധെ, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ചെയര്‍മാന്‍ റാം ബഹദൂര്‍ റായ് എന്നിവയാണ് പുതുതായി സൊസൈറ്റി അംഗങ്ങളായി നിയമിതരായത്. സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സുപ്രധാന ബോഡിയായ സൊസൈറ്റിയിലേക്കാണ് ഇവരുടെ നിയമനം.

സാമ്പത്തിക വിദഗ്ധന്‍ നിതിന്‍ ദേശായി, പ്രൊഫസര്‍ ഉദയന്‍ മിശ്ര, മുന്‍ ഉദ്യോഗസ്ഥന്‍ ബി.പി സിങ് എന്നിവരാണ് സൊസൈറ്റിയില്‍ നിന്നും പുറത്തായ അംഗങ്ങള്‍. 2020 ഏപ്രില്‍ 25 വരെയാണ് പുതിയ അംഗങ്ങളുടെ കാലാവധി.

തീന്‍ മൂര്‍ത്തി കോംപ്ലക്‌സില്‍ എല്ലാ പ്രധാന മന്ത്രിമാര്‍ക്കുമുള്ള മ്യൂസിയം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ബി.പി സിങും നിതിന്‍ മിശ്രയും ശക്തമായി എതിര്‍ത്തിരുന്നു. എല്ലാ പ്രധാന മന്ത്രിമാര്‍ക്കും വേണ്ടി മ്യൂസിയം നിര്‍മിച്ചാല്‍ സംസ്ഥാന മുഖ്യമന്ത്രിമാരും ഇതെ ആവശ്യവുമായി മുന്നോട്ട് വരും എന്നായിരുന്നു സിങിന്റെ വാദം. മ്യൂസിയത്തിന് വേണ്ടി തീന്‍ മൂര്‍ത്തി കോംപ്ലക്‌സ് തിരഞ്ഞെടുത്തതിനെ ദേശായിയും വിമര്‍ശിച്ചിരുന്നു.

ലൈംഗികാരോപണ വിധേയനായി രാജിവെച്ച മുന്‍ കേന്ദ്ര മന്ത്രി എം.ജെ അക്ബറാണ് നെഹ്‌റു സ്മാരക മ്യൂസിയം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍.

Similar Posts