രാജസ്ഥാനിലെ ജനവിധിയില്‍ ജാതി സമവാക്യം നിര്‍ണായകം
|ജാട്ട്, രാജപുത്ര, ഗുജ്ജാർ, മീണ വിഭാഗങ്ങളുടെ വോട്ടാണ് രാജസ്ഥാന് തെരഞ്ഞെടുപ്പിൽ നിർണായകമാവുക.
രാജസ്ഥാനിലെ ജനവിധിയില്‍ നിര്‍ണായകമാണ് ജാതി സമവാക്യം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഓരോ പാർട്ടിയുടെയും മുൻപിലെ പ്രധാന കടമ്പ.
ജാട്ട്, രാജപുത്ര, ഗുജ്ജാർ, മീണ വിഭാഗങ്ങളുടെ വോട്ടാണ് രാജസ്ഥാന് തെരഞ്ഞെടുപ്പിൽ നിർണായകമാവുക. ജാട്ടുകൾ കോൺഗ്രസിനെയും മുന്നാക്ക വിഭാഗമായ രജപുത്രർ ബി.ജെ.പിയെയും പിന്തുണയ്ക്കുന്നതാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ബി.ജെ.പിയുമായി അത്ര രസത്തിലല്ല രജപുത്രര്‍. അവരുടെ നേതാവ് ജസ്വന്ത് സിങിനെ ബിജെപി വേണ്ടത്ര പരിഗണിക്കുന്നില്ലെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജസ്വന്ത് സിങിന്റെ മകൻ മാനവേന്ദ്ര സിങ് കോൺഗ്രസിലും ചേർന്നു. പക്ഷേ, മാനവേന്ദ്ര സിങിന്റെ വരവ് കോൺഗ്രസിന് ഗുണത്തോടൊപ്പം ദോഷവും ചെയ്യും. ജാട്ട് നേതാവായ ഹരീഷ് ചൌധരിയുമായി കടുത്ത ശത്രുതയിലാണ് മാനവേന്ദ്ര.
രജപുത്രരുടെ വോട്ട് മാനവേന്ദ്ര വാഗ്ദാനം ചെയ്യുമ്പോൾ കോൺഗ്രസിന് നഷ്ടമാകുക ജാട്ട് വോട്ടുകളാകും. ഗുജ്ജാർ നേതാവായ സച്ചിൻ പൈലറ്റിനെ നേതൃസ്ഥാനത്ത് എത്തിച്ചതും സർക്കാർ ജോലിയിൽ അധികസംവരണമെന്ന ആവശ്യം വസുന്ധര സർക്കാര്‍ നടപ്പാക്കാത്തതും അവരെ കോൺഗ്രസിനോട് അടുപ്പിച്ചിട്ടുണ്ട്.പട്ടിക വിഭാഗ പട്ടികയിൽ ഇടം നേടുന്നതിനെ ചൊല്ലി ഗുജ്ജര്‍ - മീണ വിഭാഗങ്ങള്‍ തമ്മിലുള്ള പോരും ജനവിധിയെ സ്വാധീനിക്കും.