India
ശബരിമല സ്ത്രീ പ്രവേശം: റിട്ട് ഹരജികള്‍ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും
India

ശബരിമല സ്ത്രീ പ്രവേശം: റിട്ട് ഹരജികള്‍ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും

Web Desk
|
3 Nov 2018 1:00 PM GMT

റിട്ടുകള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്, ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ ഗൗള്‍, കെ.എം ജോസഫ് എന്നിവരുടെ ബഞ്ച് പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ റിട്ട് ഹരജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കും. ഈമാസം 13 നാണ് ഹരജികള്‍ പരിഗണിക്കുക. അതിനിടെ, വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരെ കോടതി അലക്ഷ്യനടപടി ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ക്ക് ചട്ടപ്രകാരമുള്ള അനുമതി നല്‍കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്‍മാറി.

ശബരിമല വിധിയിലെ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹരജികളും ഈ മാസം പതിമൂന്നിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ റിട്ട് ഹരജികളും പുനഃപരിശോധന ഹരജികള്‍ക്കൊപ്പം ഭരണഘടന ബഞ്ച് പരിഗണിച്ചേക്കുമെന്ന് അഭ്യൂഹമുയര്‍ന്നു. ഇക്കാര്യത്തിലാണ് കോടതി ഇന്ന് വ്യക്തത വരുത്തിയത്.

റിട്ടുകള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്, ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ ഗൗള്‍, കെ.എം ജോസഫ് എന്നിവരുടെ ബഞ്ച് പരിഗണിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകരായ വിജയകുമാര്‍, ജയരാജ് കുമാര്‍, മുംബൈ മലയാളി ശൈലജ വിജയന്‍ എന്നിവരാണ് റിട്ടുകള്‍ സമര്‍പ്പിച്ചത്. പുനഃപരിശോധന ഹര്‍ജികള്‍ അംഞ്ചംഗ ഭരണഘടന ബഞ്ച് തന്നെയാണ് പരിഗണിക്കുക.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഈ ബഞ്ചില്‍ ആര് എന്ന കാര്യത്തില്‍ 12 ആം തിയ്യതി പുറത്ത് വരുന്ന കേസ് പട്ടികയില്‍ അറിയിപ്പുണ്ടാകും.

അതിനിടെ, ശബരിമല വിധി നടപ്പാക്കുന്നതിന് തടസ്സം നിന്നതില്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ക്കെതിരെ കോടതി അലക്ഷ്യം ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്‍മാറി. പകരം സോളിസിറ്റര്‍ ജനറല്‍ തുഷാന്‍ മേത്തയെ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തി. കാരണം വ്യക്തമാക്കാതെയാണ് പിന്മാറ്റം. ശബരിമല കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി കെ.കെ വേണുഗോപാല്‍ ഹാജറായിരുന്നു. വിധി വന്നശേഷം അതിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Related Tags :
Similar Posts