സീറ്റ് വിഭജനം ആരംഭിച്ച് കക്ഷികള്‍; തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് രംഗം സജീവം
|സി.പി.എം നേതൃത്വം നല്‍കുന്ന ബഹുജന ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സീറ്റ് കിട്ടാത്ത ബി.ജെ.പി നേതാക്കള്‍ ഓഫീസ് അടിച്ചു തകര്‍ത്താണ് പ്രതിഷേധം അറിയിച്ചത്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതോടെ, തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് രംഗം സജീവമായി. ഭരണകക്ഷിയായ ടി.ആര്‍.എസ് 107 സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എം നേതൃത്വം നല്‍കുന്ന ബഹുജന ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഒറ്റക്ക് മത്സരിക്കുന്ന ബി.ജെ.പി 66 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്.
119 മണ്ഡലങ്ങളില്‍ 107 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ടി.ആര്‍.എസ്സിനാണ് പ്രചാരണ രംഗത്ത് മേല്‍ക്കൈ. കാര്‍ഷിക കടാശ്വാസ പദ്ധതിയും തൊഴിലില്ലായ്മ വേതനവുമാണ് അവരുടെ മുഖ്യ വാഗ്ദാനം. സീറ്റ് തര്‍ക്കത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്കും ബി.ജെ.പിയിലേക്കും കളം മാറുന്നത് ടി.ആര്‍.എസിന് തലവേദനയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല സഖ്യവും സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
കോണ്‍ഗ്രസിന് 93-95 സീറ്റും ടി.ഡി.പിക്ക് 14 സീറ്റും ലഭിക്കും. ടി.ജെ.എസിന് 5 മുതല്‍ ഏഴ് വരെ സീറ്റുകളും സി.പി.ഐക്ക് 3 മുതല്‍ നാല് വരെ സീറ്റുകളുമാണ് വാഗ്ദാനം. സഖ്യത്തിലുള്ള എം.ബി.ടിക്ക് ഒരു സീറ്റാണ് നല്‍കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക എ.ഐ.സി.സിയുടെ അന്തിമ അംഗീകാരത്തിനായി തെലങ്കാന നേതൃത്വം സമര്‍പ്പിച്ചിരിക്കുകയാണ്.
നിലവില്‍ ഒരു എം.എല്‍.എയുള്ള സി.പി.എം ബഹുജന ഇടത് മുന്നണി രൂപീകരിച്ചാണ് മത്സരിക്കുന്നത്. 27 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഒന്‍പത് സീറ്റില്‍ സി.പി.എമ്മും, 14 സീറ്റില്‍ ഇടത് ബഹുജന്‍ ലെഫ്റ്റ് പാര്‍ട്ടിയും മത്സരിക്കുന്നു. മറ്റ് ഘടകക്ഷികളായ എം.സി.പി.ഐക്ക് 3 സീറ്റും തെലങ്കാന ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഒരു സീറ്റും ആദ്യ ഘട്ടത്തില്‍ ലഭിച്ചു.
ഒറ്റക്ക് മത്സരിക്കുന്ന ബി.ജെ.പി ആദ്യ ഘട്ടത്തില്‍ 38 പേരുടെ പട്ടികയും പിന്നീട് 28 സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചു. സീറ്റ് കിട്ടാത്ത നേതാക്കള്‍ ബി.ജെ.പി ഓഫീസ് അടിച്ചു തകര്‍ത്താണ് പ്രതിഷേധം അറിയിച്ചത്. തീവ്ര ഹിന്ദുത്വ നിലപാടുകാരന്‍ സ്വാമി പരിപൂര്‍ണാനന്ദയാണ് ബി.ജെ.പിയുടെ മുഖ്യ പ്രചാരകന്‍.