ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റം; ഫൈസാബാദ് ഇനി അയോധ്യ
|അയോധ്യയുടെ പേരില്‍ വീണ്ടും ബിജെപിയുടെ രാഷ്ട്രീയക്കളി
ഉത്തര്‍ പ്രദേശില്‍ വീണ്ടും പേരുമാറ്റം. ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. അലഹബാദിന്‍റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയതിന് പിന്നാലെയാണിത്.
"അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്‍റെ പേരിലാണ്. രാജ്യത്തിന്‍റെ പ്രതാപത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമാണത്. അയോധ്യയില്‍ മെഡിക്കല്‍ കോളജും വിമാനത്താവളവും സ്ഥാപിക്കും. വിമാനത്താവളത്തിന് ഭഗവാന്‍ ശ്രീരാമന്‍റെ പേര് നല്‍കും. മെഡിക്കല്‍ കോളജ് അദ്ദേഹത്തിന്‍റെ പിതാവ് ദശരഥന്‍റെ പേരില്‍ അറിയപ്പെടും", യോഗി വ്യക്തമാക്കി.
ദീപാവലിയോട് അനുബന്ധിച്ചുള്ള ദീപോത്സവത്തില്‍ ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജുങ് സൂക്ക് മുഖ്യാതിഥിയായി. 2000 വര്‍ഷം മുന്‍പ് കൊറിയന്‍ രാജകുമാരന്‍ അയോധ്യയിലെ രാജകുമാരിയെ വിവാഹം കഴിച്ചിരുന്നതായും അതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാംസ്കാരിക ബന്ധമുണ്ടെന്നും കിം ജുങിനെ സ്വാഗതം ചെയ്ത് യോഗി പറഞ്ഞു.
ഫൈസാബാദ്, അയോധ്യ എന്നീ നഗരങ്ങള്‍ ചേര്‍ന്നതായിരുന്നു ഫൈസാബാദ് ജില്ല. സ്ഥലനാമങ്ങള്‍ മാറ്റുന്നത് ബി.ജെ.പിയുടെ സ്ഥിരം പരിപാടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാമന്റെ പേരിനെ ബി.ജെ.പി ചൂഷണം ചെയ്യുകയാണെന്ന് എസ്.പി ആരോപിച്ചു.
പേരുമാറ്റ വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് രാവണന്‍ എന്നോ ദുര്യോധനന്‍ എന്നോ ആര്‍ക്കും പേരിടാത്തത് എന്തുകൊണ്ടാണെന്നായിരുന്നു യോഗിയുടെ മറുചോദ്യം. പേര് എന്താണെന്നുള്ളത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.