India
മഞ്ഞുവീഴ്ചയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ നശിച്ചു; പൊട്ടിക്കരഞ്ഞ് കര്‍ഷകര്‍; ഹൃദയഭേദകം ഈ കാശ്മീര്‍ കാഴ്ചകള്‍
India

മഞ്ഞുവീഴ്ചയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ നശിച്ചു; പൊട്ടിക്കരഞ്ഞ് കര്‍ഷകര്‍; ഹൃദയഭേദകം ഈ കാശ്മീര്‍ കാഴ്ചകള്‍

Web Desk
|
6 Nov 2018 9:05 AM GMT

ആപ്പിള്‍ കൃഷി നശിച്ചതുകണ്ട് പൊട്ടിക്കരയുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 500കോടിയിലധികം രൂപയുടെ നഷ്‍ടമെന്നാണ് പ്രാഥമിക കണക്കുകള്‍.

കാശ്മീരില്‍ നേരത്തെ ആരംഭിച്ച മഞ്ഞുവീഴ്ചയില്‍ തന്റെ ആപ്പിള്‍ കൃഷി നശിച്ചതുകണ്ട് പൊട്ടിക്കരയുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. നിനച്ചിരിക്കാതെ നേരത്തെ എത്തിയ ശൈത്യകാലം കാശ്മീരിലെ ആപ്പിള്‍ കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് കര്‍ഷകരുടെ ആപ്പിള്‍ കൃഷിയാണ് ഇത്തരത്തില്‍ നശിച്ചത്. 500കോടിയിലധികം രൂപയുടെ നഷ്‍ടമാണ് ആപ്പിള്‍ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക കണക്കുകള്‍. ഹൃദയഭേദകമാണ് ഈ കാഴ്ചകള്‍.

കാശ്മീരിന്റെ സമ്പദ്‍വ്യവസ്ഥയില്‍ പ്രധാന പങ്കുണ്ട് ആപ്പിള്‍ കൃഷിക്ക്. ഇവിടത്തെ ജനങ്ങളില്‍ 20ലക്ഷത്തിലധികം ആളുകളും ആപ്പിള്‍ കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നവരാണ്. ഈ വര്‍ഷത്തെ മൊത്തം ഉത്പാദനത്തേക്കാള്‍ വലുതാണ് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം. ഓരോരുത്തര്‍ക്കും 10-20ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു. 20000 മെട്രിക്ക് ടണ്‍ ആപ്പിളുകളായിരുന്നു ഈ വര്‍ഷം വിളവെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ വലിയൊരു ഭാഗം മഞ്ഞുവീഴ്ചയില്‍ നശിച്ചു കഴിഞ്ഞു.

ആയിരത്തിലധികം ആപ്പിള്‍ മരങ്ങളും മഞ്ഞുവീഴ്ചയില്‍ നശിച്ചിട്ടുണ്ട്. കൃഷി നശിച്ചതിനേക്കാള്‍ കര്‍ഷകരെ ബാധിക്കുക ഈ ആപ്പിള്‍ മരങ്ങള്‍ നശിച്ചതാണ്. കാരണം ഇത്തരത്തിലുള്ള പുതിയ മരങ്ങള്‍ നട്ട് കായ്ക്കാന്‍ തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് ഇനി 16 വര്‍ഷമെങ്കിലും വേണം.

ഞായറാഴ്ചയാണ് മഞ്ഞുവീഴ്ച താഴ്‌വാരത്തെ പൂര്‍ണമായും ഇരുട്ടിലാക്കിയത്. വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഗതാഗതവും പൂര്‍ണമായും തടസ്സപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിച്ച് വരുന്നതേയുള്ളു. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ആപ്പിള്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‍ദുല്ലയടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Tags :
Similar Posts