ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി; ബി.ജെ.പിക്ക് ആധിയേറുന്നു
|വിശാല സഖ്യ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് ആവേശം പകരുന്നതാണ് കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. മറുവശത്ത്, ഉപതെരഞ്ഞെടുപ്പുകളിലെ തുടര്‍ തോല്‍വികള്‍ ബിജെപി നേതൃത്വത്തിന്റെ ആധിയേറ്റുകയും ചെയ്യുന്നു.
ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ആദ്യ തിരിച്ചടിയല്ല കര്‍ണാടക. രാജസ്ഥാനിലെ അജ്മീര്‍, അല്‍വാര്‍, ഉത്തര്‍പ്രദേശിലെ കൈരാന, ഖൊരഖ്പൂര്‍, ഫൂല്‍പൂര്‍, പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, മധ്യപ്രദേശിലെ രത്‌ലാം. 2014 ലെ മഹാവിജയത്തിന് ശേഷം ബിജെപിക്ക് തിരിച്ചടിയേല്‍ക്കുന്ന പത്താമത്തെ ലോക്സഭ സീറ്റാണ് കര്‍ണാടകയിലെ ബെല്ലാരി. കോണ്‍ഗ്രസാകട്ടെ ദയനീയ തോല്‍വിക്ക് ശേഷം അഞ്ച് ലോക്സഭ സീറ്റുകള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ബിജെപിക്കെതിരായ വിശാലസഖ്യത്തിന് നേതൃത്വം കൊടുക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും കര്‍ണാടക വിധി. ഒപ്പം 2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യങ്ങള്‍ എത്രമാത്രം നിര്‍ണായകമാണെന്ന ഓര്‍മ്മപ്പെടുത്തലും.
ഇപ്പോള്‍ മടിച്ചുനില്‍ക്കുന്ന ബിഎസ്പി, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസുമായി അടുക്കാന്‍ ഈ വിധി പ്രേരകമാകും. കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായിവന്ന കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.