India
നോട്ട് നിരോധത്തിന് 2 വയസ്; ഇനിയും ദുരിതം മാറാതെ കര്‍ഷകരും വ്യാപാരികളും
India

നോട്ട് നിരോധത്തിന് 2 വയസ്; ഇനിയും ദുരിതം മാറാതെ കര്‍ഷകരും വ്യാപാരികളും

Web Desk
|
7 Nov 2018 2:31 AM GMT

2016 നവംബര്‍ എട്ടിന് രാത്രി 500ന്‍റെയും 1000ത്തിന്‍റെയും നോട്ട് അസാധുവാക്കി അപ്രതീക്ഷിത പ്രഖ്യാപനം നടത്തുമ്പോള്‍ പ്രധാനമന്ത്രി മുന്നോട്ട് വച്ചത് സുപ്രധാന അവകാശവാദങ്ങള്‍.

രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥ അടിമുടി ഉലച്ച് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധം നടപ്പാക്കിയിട്ട് രണ്ട് വര്‍ഷമാകുന്നു. നോട്ട് നിരോധനം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് കാര്‍ഷിക രംഗവും ചെറുകിട വ്യാപാര-വ്യവസായ മേഖലയും ഇന്നും മോചിതരായിട്ടില്ല. നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. കറന്‍‍സി വിനിമയത്തില്‍‌ 9.5 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായെന്നാണ് കഴിഞ്ഞ മാസത്തെ കണക്ക്.

2016 നവംബര്‍ എട്ടിന് രാത്രി 500ന്‍റെയും 1000ത്തിന്‍റെയും നോട്ട് അസാധുവാക്കി അപ്രതീക്ഷിത പ്രഖ്യാപനം നടത്തുമ്പോള്‍ പ്രധാനമന്ത്രി മുന്നോട്ട് വച്ചത് സുപ്രധാന അവകാശവാദങ്ങള്‍. കള്ളപ്പണ ഒഴുക്ക് തടയും, കള്ളനോട്ട് പിടികൂടും, അതുവഴി തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കും അങ്ങനെ നീളുന്നു അവ. രണ്ടാണ്ടിനിപ്പുറം എല്ലാം സ്വപ്നങ്ങളായി ഒതുങ്ങിയെന്ന് ഔദ്യോഗിക കണക്കുകള്‍ തെളിയിക്കുന്നു.

നിരോധിച്ച നോട്ടിന്‍റെ ആകെ തുക 15.42 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 15 .31 ലക്ഷം കോടി രൂപയുടെ നോട്ടും സര്‍ക്കാരിലേക്ക് തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐ മാസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയത്. കള്ളപ്പണം കയ്യിലുള്ളവര്‍ ബാങ്കിലെത്തില്ലെന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിഞ്ഞു. വരുമാനം കൃത്യമായി വെളിപ്പെടുത്താത്തവരുടെ എണ്ണം നോട്ട് നിരോധത്തിന് ശേഷം കൂടിവരുന്നതായാണ് സര്‍ക്കാരിന്‍റെ തന്നെ മറ്റൊരു കണക്ക് വ്യക്തമാക്കുന്നത്. ആദായ നികുതി വകുപ്പ് നരീക്ഷണമുണ്ടായിട്ടും 2016-17 സാമ്പത്തിക വര്‍ഷം വരുമാനം വെളിപ്പെടുത്തതിരുന്നത് 155 പേര്‍. 2017-18ല്‍ ഇത് 158 ആയി ഉയര്‍ന്നെന്ന് പാര്‍ലമെന്‍റില്‍ സര്‍ക്കാരവതിരിപ്പിച്ച കണക്ക് വ്യക്തമാക്കുന്നു.

നോട്ട് നിരോധം ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിച്ചെന്ന വാദത്തിനും തിരിച്ചടി കിട്ടി. 2016 നവംബറില്‍ 17.98 ലക്ഷം കോടി രൂപയായിരുന്നു വിപണിയില്‍ വിനിമയം ചെയ്യപ്പെട്ട കറന്‍സിയുടെ ആകെ തുക. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 19.68 ആയെന്ന് ആര്‍.ബി.ഐ പറയുന്നു. അതായത് 9.5 ശതമാനത്തിന്‍റെ വര്‍ധവ്.

Similar Posts