നവംബര്‍ 8ന് കിട്ടിയ ‘എട്ടിന്റെ പണി’
|സാമ്പത്തിക മേഖലയിലെ വലിയ നടപടിയെന്നും മഹത്തരമായ കാര്യമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടുകൊണ്ട് രണ്ടു വര്‍ഷം മുന്‍പ് നവംബര്‍ 8ന്, രാത്രി 8മണിക്കാണ് നോട്ട് നിരോധന പ്രഖ്യാപനമുണ്ടായത്.
രാജ്യത്ത് സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ നടപടിയെന്നും മഹത്തരമായ കാര്യമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടുകൊണ്ട് എട്ടിന്‍റെ പണിയായിട്ടാണ് രണ്ടു വര്‍ഷം മുന്‍പ് നവംബര്‍ 8ന്, രാത്രി 8 മണിക്ക് നോട്ട് നിരോധന പ്രഖ്യാപനമുണ്ടായത്.
പണം പിന്‍വലിക്കാന്‍ കര്‍ശന നിബന്ധനകള്‍ വന്നപ്പോള്‍ നിക്ഷേപകര്‍ വിഷമസ്ഥിതിയിലായി, സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലേക്ക് തള്ളി. ചെറുകിട സംരംഭ മേഖല സ്തംഭിച്ചതിനൊപ്പം, കാര്‍ഷിക രംഗത്തുള്‍പ്പെടെ വിലയിടിവുണ്ടായി. കയറ്റുയിറക്കുമതി മേഖലകളിലും പ്രതിസന്ധി നേരിടുകയുണ്ടായി. സ്ഥിതി മാറിയെന്നും സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിനു മുമ്പ് 1964ലും 1978ലും നോട്ട് നിരോധിച്ചിരുന്നു. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് 2016ല്‍ നിരോധിച്ചത്.
2016 ലെ നോട്ടുനിരോധനം
നോട്ട് നിരോധനത്തിന്റെ ഭാഗമായി അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് നിരോധിച്ചത്. അഞ്ഞൂറിന്‍റെ പുതിയ നോട്ടുകള്‍ പുറത്തിറക്കി. എന്നാല്‍ ആയിരത്തിന്‍റെ നോട്ടുകള്‍ മുഴുവനായും നിരോധിച്ചു. രണ്ടായിരത്തിന്‍റെയും ഇരുന്നീറിന്‍റെയും നോട്ടുകള്‍ കൊണ്ടുവന്നു. ഘട്ടംഘട്ടമായി 50, 100 രൂപാ നോട്ടുകള്‍കൂടി പുറത്തിറക്കി (പഴയത് നിരോധിക്കാതെ തന്നെ). കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവയെല്ലാം തടഞ്ഞ് പണമിടപാട് സംശുദ്ധമാക്കാനുള്ള ഒറ്റമൂലി പ്രയോഗമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി വ്യാഖ്യാനിച്ചു.
റിസര്‍വ് ബാങ്കിന്‍റെ കണക്കുപ്രകാരം
നോട്ടു നിരോധന വേളയില്‍ വിപണിയിലുണ്ടായിരുന്ന 1,000, 500 രൂപാ നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി രൂപയാണ്. നോട്ട് റദ്ദാക്കിയശേഷം ബാങ്ക് അക്കൌണ്ടുകളില്‍ തിരികെയെത്തിയത് 15.31 ലക്ഷം കോടി രൂപ അതായത് അസാധുവാക്കിയ കറന്‍സിയില്‍ 99.03 ശതമാനവും തിരിച്ചെത്തിയെന്ന്. ഇതോടെ സര്‍ക്കാറിന്‍റെ പ്രഖ്യാപിത അവകാശവാദത്തിന്‍റെ പരാജയം വ്യക്തമാക്കുന്നു.
പണം പിന്‍വലിക്കുന്നതില്‍ നിയന്ത്രണം
2016 നവംബര്‍ 14 വരെ പരിധി പ്രതിദിനം 2,000 രൂപയും, ഡിസംബര്‍ 31 വരെ ഇത് 2,500 രൂപയുമാക്കി. 2017 ജനുവരി മുതല്‍ 4,500 രൂപയായി ഉയര്‍ത്തുകയും ജനുവരി 16 മുതല്‍ ഇത് 10,000 രൂപയിലേക്ക് മാറ്റുകയും ചെയ്തു.
നോട്ട് നിരോധനത്തിനുശേഷം നികുതിയടവില്‍ മാറ്റമുണ്ടായെന്നാണ് സര്‍ക്കാറിന്‍റെ വാദം. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 2 ശതമാനമായിരുന്നു വ്യക്തികളില്‍ നിന്നുള്ള ആദായ നികുതി വരുമാനം. ഇത് 2.3 ശതമാനമായി. നോട്ട് നിരോധനത്തിനുശേഷം സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷന്‍ കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് ഇനങ്ങളില്‍ വരുമാനം വര്‍ധിച്ചു. നോട്ട് നിരോധിച്ച 2016 നവംബര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 8.24 ലക്ഷം രജിസ്ട്രേഷനാണ് നടന്നത്.
നോട്ട് നിരോധനത്തെക്കുറിച്ചു കൂടുതല്‍ വിശദീകരിക്കാന്‍ 12ന് റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണര്‍ ഹാജരാകണമെന്നു പാര്‍ലമെന്‍റ് ധനകാര്യ സ്ഥിരംസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരേ കാര്യത്തില്‍ മൂന്നാംവട്ടമാണ് റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണര്‍ നേരിട്ട് ഹാജരാകേണ്ടി വരുന്നത്.
നോട്ടുനിരോധനത്തിന് പിന്നാലെ നടപ്പാക്കിയ ജി.എസ്.ടി, ഇന്ധന വിലക്കയറ്റം തുടങ്ങിയവ പൊതുജനത്തിന് മേല്‍ ഇരുട്ടടിയാകുമ്പോള്‍ പൊതുതെരെഞ്ഞെടുപ്പിലും വിവിധ നിയമസഭ തെരെഞ്ഞെടുപ്പുകളിലും തിരിച്ചടി ഭയക്കുകയാണ് സര്‍ക്കാര്‍.