‘അച്ഛേ ദിന്‍ വരാന്‍ പോകുന്നില്ല’, കോണ്‍ഗ്രസിനായി വോട്ട് തേടി മോദിയുടെ അപരന്‍
|എല്ലാവരുടെയും അക്കൌണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും, കള്ളപ്പണം തിരിച്ചെത്തിക്കും തുടങ്ങിയ മോദിയുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരമാണ് അഭിനന്ദ് തുറന്നുകാട്ടുന്നത്
കാഴ്ചയിലും വസ്ത്രധാരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സാദൃശ്യത്തിന്റെ പേരില്‍ നേരത്തെ തന്നെ ജനശ്രദ്ധ നേടിയ വ്യക്തിയാണ് അഭിനന്ദ് പതക്. ഛത്തിസ്ഗഡിലെ ബസ്തറില്‍ കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് അദ്ദേഹം. അച്ഛേ ദിന്‍ ഒന്നും വരാന്‍ പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താന്‍ കോണ്‍ഗ്രസിലെത്തിയതെന്ന് അഭിനന്ദ് വ്യക്തമാക്കി.
ബി.ജെ.പി സഖ്യകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഉത്തര്‍ പ്രദേശിലെ ഉപാധ്യക്ഷനായിരുന്നു അഭിനന്ദ്. കഴിഞ്ഞ മാസമാണ് പാര്‍ട്ടി മാറി കോണ്‍ഗ്രസിലെത്തിയത്. പാര്‍ട്ടി മാറിയതിന് അഭിനന്ദിന് കൃത്യമായ കാരണമുണ്ട്.
"കാണാന്‍ മോദിജിയെ പോലെയുള്ളതിനാല്‍ 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വാഗ്ദാനം ചെയ്ത അച്ഛേ ദിന്‍ എപ്പോള്‍ വരുമെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ട് വേദനിച്ചാണ് ഞാന്‍ കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്", അഭിനന്ദ് പതക് വ്യക്തമാക്കി.
മോദിയുടെ ശൈലി അനുകരിച്ചാണ് അഭിനന്ദ് പ്രചാരണവേദികളില്‍ കയ്യടി നേടുന്നത്. എല്ലാവരുടെയും അക്കൌണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും, കള്ളപ്പണം തിരിച്ചെത്തിക്കും തുടങ്ങിയ മോദിയുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരമാണ് അഭിനന്ദ് തുറന്നുകാട്ടുന്നത്. "മിത്രോന്‍, അച്ഛെ ദിന്‍ ഒരിക്കലും വരാന്‍ പോകുന്നില്ലെന്ന സത്യം നിങ്ങളോട് പറയാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. അതൊരു വ്യാജ വാഗ്ദാനമായിരുന്നു. വികസനം ഉറപ്പുവരുത്താന്‍ എല്ലാവരും കോണ്‍ഗ്രസിന് വോട്ട് ചെയ്യണം", എന്നാണ് വോട്ടര്‍മാരോടുള്ള അഭിനന്ദിന്റെ അഭ്യര്‍ഥന.
സിറ്റിങ് എം.എല്‍.എ ദേവ്തി കര്‍മ്മയാണ് ബസ്തറില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. അതേസമയം മോദിയുമായി സാദൃശ്യമുള്ളയാളെ കോണ്‍ഗ്രസ് പ്രചാരണത്തിനിറക്കുന്നത് മോദിയുടെ ജനപ്രീതിയുടെ തെളിവാണെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ഭീമ മണ്ഡവി പറഞ്ഞു. ഒറിജിനല്‍ മോദിയെയും വ്യാജനെയും തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ടെന്നും മണ്ഡവി പറഞ്ഞു. ബസ്തറില്‍ നവംബര്‍ 12നാണ് വോട്ടെടുപ്പ്.