തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഉടന്‍
|കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് സമയം ചോദിച്ച് തെലങ്കാന ബി.ജെ.പി നേതൃത്വവും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി.
119 സീറ്റുകളുള്ള തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 94 സീറ്റുകളിലേക്കാണ്. ഇതിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥികളെയാണ് ഉടന്‍ പ്രഖ്യാപിക്കുക. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഹൈകമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആദ്യഘട്ടത്തില്‍ 74 അംഗ സ്ഥാനാര്‍ഥി പട്ടികക്കാണ് ഹൈകമാന്‍ഡ് അംഗീകാരം നല്‍കിയത്. ബാക്കി 20 സീറ്റുകളിലെ മത്സരാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. 94 സീറ്റുകളിലെ സ്ഥാനാര്‍ഥി ലിസ്റ്റും തെലങ്കാന പിസിസി ഹൈകമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുലിന്റെ തീരുമാനം.
ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ എന്നീ കക്ഷികളും മഹാസഖ്യത്തിലുണ്ട്. ടി.ഡി.പിക്ക് 14 സീറ്റും ടി.ജെ.എസിന് 8 സീറ്റും സി.പി.ഐക്ക് മൂന്ന് സീറ്റും ലഭിക്കും. രണ്ട് ഘട്ടങ്ങളിലായ 66 സ്ഥാനാര്‍ഥികളെയാണ് ഒറ്റക്ക് മത്സരിക്കുന്ന ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് റാലികള്‍ക്ക് അനുമതി തേടി തെലങ്കാന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലി വേണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ് ടി.ആര്‍.എസ്. നവജ്യോത് സിംഗ് സിദ്ദു തെലങ്കാന സര്‍ക്കാരിനെ പുകഴ്ത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഡിസംബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വം നല്‍കുന്ന ബഹുജന്‍ ഇടത് മുന്നണിയും രംഗത്തുണ്ട്.