India
കോണ്‍ഗ്രസിനെതിരെ വീണ്ടും ‘അര്‍ബന്‍ നക്സല്‍’ ആരോപണമുയര്‍ത്തി മോദി; ബസ്തറില്‍ പ്രചരണം തുടങ്ങി
India

കോണ്‍ഗ്രസിനെതിരെ വീണ്ടും ‘അര്‍ബന്‍ നക്സല്‍’ ആരോപണമുയര്‍ത്തി മോദി; ബസ്തറില്‍ പ്രചരണം തുടങ്ങി

Web Desk
|
9 Nov 2018 12:46 PM GMT

‘ഗ്രാമങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന പണി. ഇത്തരക്കാരെ കൊണ്ടു നടക്കുന്നത് കോൺഗ്രസ് ആണ്’ മോദി

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ‘അർബൻ മാവോയിസ്റ്റു’കളെ പിന്തുണക്കുന്നവരാണ് കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡ് നിയമസഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് ബസ്തറിൽ സംസാരിക്കുക്കവേയാണ് ‘അർബൻ നക്സല്‍’ പ്രയോഗവുമായി വീണ്ടും മോദി എത്തിയിരിക്കുന്നത്. തന്റെ സർക്കാർ മാവോയിസ്റ്റ് ബാധിത മേഖലകളിൽ വികസനം കൊണ്ടു വരാൻ ധെെര്യപ്പെട്ട സർക്കാറാണെന്നും, എന്നാൽ കോൺഗ്രസിനെ പോലുള്ളവർ നക്സലുകളുൾപ്പടെയുള്ള വിഭാഗക്കാരെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മോദി പറഞ്ഞു.

ശീതീകരിച്ച റൂമുകളിൽ ജീവിക്കുന്നവരാണ് അർബൻ നക്സലുകൾ. മനസ്സിൽ വിഷം കൊണ്ട് നടക്കുന്നവർ. അവരുടെ മക്കൾ വിദേശങ്ങളിൽ പഠിക്കുകയും, വലിയ കാറുകളിൽ കറങ്ങി നടക്കുകയും ചെയ്യും.
ഗ്രാമങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന പണി. ഇത്തരക്കാരെ കൊണ്ടു നടക്കുന്നത് കോൺഗ്രസ് ആണ്. ഇതിനവർ മറുപടി പറയേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

എന്നാല്‍ നാലാമൂഴം ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ രമണ്‍സിംഗ് സര്‍ക്കാരിനെതിരെ ആദിവാസികള്‍ക്കും കര്‍ഷകര്‍‌ക്കുമിടയിലുള്ള എതിര്‍പ്പ് തിരിച്ചറിഞ്ഞായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. കര്‍ഷകരോടും യുവാക്കളോടുമുള്ള വാഗ്ദാന ലംഘനത്തില്‍ മോദി സര്‍ക്കാരും രമണ്‍സിംഗ് സര്‍ക്കാരും ഒരു പോലെ പരാജയപ്പെട്ടെന്ന് രജ്നന്ദ്ഗാവില്‍ രാഹുല്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധകാലത്ത് പാവപ്പെട്ടവര്‍ മാത്രമാണ് തെരുവില്‍ വരി നിന്നതെന്നും ഒരു കള്ളപ്പണക്കാരനെയും അവിടെ കണ്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നാളെയും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ സംസ്ഥാനത്ത് പര്യടനം തുടരും.

നോട്ട് നിരോധകാലത്ത് പാവപ്പെട്ടവര്‍ മാത്രമാണ് തെരുവില്‍ വരി നിന്നത്, ഒരു കള്ളപ്പണക്കാരനെയും അവിടെ കണ്ടില്ല
രാഹുല്‍ ഗാന്ധി

ബസ്തർ ഉൾപ്പടെയുള്ള മാവോയിസ്റ്റ് മേഖലകളിൽ അടുത്ത തിങ്കളാഴ്ച്ചയാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും.

Similar Posts