അനധികൃത ഖനനത്തിനെതിരെ പോരാടുന്ന സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം
|കല്‍ക്കരി ഖനന കേന്ദ്രമായ ജെെന്‍റിയ കുന്നുകളില്‍ നിന്നാണ് കാഷിംങിനും സഹായിയായ അനിത സംഗമിനും നേരെ ആക്രമണമുണ്ടായത്
കല്‍ക്കരി ഖനനത്തിനെതിരെ പോരാടുന്ന മേഘാലയയിലെ സാമൂഹിക പ്രവര്‍ത്തക ആഗ്നസ് കാഷിംങ് ആക്രമിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കാഷിംങ് ചികിത്സയിലാണ്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് കല്‍ക്കരി ഖനന കേന്ദ്രമായ ജെെന്‍റിയ കുന്നുകളില്‍ നിന്നാണ് കാഷിംങിനും സഹായിയായ അനിത സംഗമിനും നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും ജൈന്‍റിയ പൊലീസ് മേധാവി സില്‍വെസ്റ്റര്‍ നോണ്‍ഗ്റങ്ങേര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് ആദ്യം വിവരം പുറത്തുവിട്ടില്ല. പിന്നീട് കാഷിംങിന്‍റെ ഡ്രെെവറാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്. കല്‍ക്കരി നിറച്ച ലോറികളുടെ ചിത്രം എടുത്ത് കഴിഞ്ഞപ്പോഴേക്കും കാഷിംങിന്‍റെ കാര്‍ റോഡില്‍ ഉപരോധിക്കുകയായിരുന്നു. നാല്‍പതോളം ആളുകള്‍ കൂടിയാണ് കാര്‍ തടഞ്ഞു വെച്ചതെന്നും ഡ്രെെവര്‍ പറഞ്ഞു.
കല്‍ക്കരി ഖനനം 2014 മുതല്‍ ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ സംസ്ഥാനത്ത് നിരോധിച്ചതാണ്. എന്നാല്‍ അനധികൃത ഖനികള്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ഖനനം ചെയ്യുന്നതായും ആരോപണമുണ്ട്.