India
സംഘ പരിവാര്‍  പ്രതിഷേധങ്ങള്‍ക്കിടയില്‍ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം
India

സംഘ പരിവാര്‍  പ്രതിഷേധങ്ങള്‍ക്കിടയില്‍ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം

Web Desk
|
10 Nov 2018 8:43 AM GMT

കര്‍ണാടക സര്‍ക്കാരിന്‍റെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംഘപരിവാറിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിധാന്‍ സൌധയിലെ ബാന്‍ക്വിറ്റ് ഹാളില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിട്ടുനിന്നു.

ബിജെപിയുടെയും വിവിധ സംഘ്പരിവാര്‍ സംഘടനകളുടെയും എതിര്‍പ്പുകള്‍ക്കിടയിലും കര്‍ണാടകയില്‍ ശക്തമായ സുരക്ഷയില്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തിന് തുടക്കമായി.

2015ലാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചത്. ഇത്തവണ ഘോഷയാത്രയും പ്രകടനവുമില്ലാതെ എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങളിലാണ് ആഘോഷം. സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെതിരായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മംഗളൂരു നഗരത്തില്‍ പ്രതിഷേധിച്ച 70 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഉഡുപ്പിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ 12 പേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Similar Posts