India
രാജസ്ഥാനില്‍ രജപുത്രര്‍ ഇത്തവണ ബി.ജെ.പിയെ പിന്തുണയ്ക്കുമോ?
India

രാജസ്ഥാനില്‍ രജപുത്രര്‍ ഇത്തവണ ബി.ജെ.പിയെ പിന്തുണയ്ക്കുമോ?

Web Desk
|
11 Nov 2018 1:35 AM GMT

കഴിഞ്ഞ തവണത്തെ പോലെ രജപുത്രരുടെ വോട്ട് ഇത്തവണ ബി.ജെ.പി പെട്ടിയിലെത്തില്ല....

രാജസ്ഥാനില്‍ ബി.ജെ.പിയുടെ രജപുത്ര വോട്ടുബാങ്കില്‍ ഇത്തവണ വിള്ളല്‍ വീഴും. സംവരണം മുതല്‍ പത്മാവത് സിനിമ വരെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കായിരുന്നു രജപുത്രര്‍. രാജസ്ഥാന്‍ ജനസംഖ്യയില്‍ 12 ശതമാനം വരുന്ന ഇവര്‍ക്ക് കുറഞ്ഞത് 25 മണ്ഡലങ്ങളില്‍ ഫലം നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ രജപുത്രരുടെ വോട്ട് ഇത്തവണ ബി.ജെ.പി പെട്ടിയിലെത്തില്ല.

ഗുജ്ജര്‍ വിഭാഗത്തിന് നല്‍‌കിയ സംവരണമാണ് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെയും രജപുത്രരെയും ആദ്യം തെറ്റിക്കുന്നത്. രജപുത്രവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിക്കപ്പെട്ട പത്മാവത് സിനിമ അകലം കൂട്ടി. സിനിമയ്ക്കെതിരെ തെരുവിലിറങ്ങിയ രജപുത്ര സംഘടനകളെ അനുനയിപ്പിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമം ഫലം കണ്ടില്ല.

രജപുത്ര വിഭാഗത്തില്‍ വലിയ സ്വാധീനമുള്ള ഗുണ്ടാ നേതാവ് അനന്ത്പാല്‍ സിങ്ങിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതും സമുദായത്തിന്റെ എതിര്‍പ്പിന് കാരണമായി. സമ്മര്‍ദ്ദത്തിനൊടുവില്‍ പൊലീസ് നടപടിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രജപുത്രര്‍ തൃപ്തരായില്ല. കയ്യേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ജെയ്പൂരിലെ രാജ്മഹല്‍ പാലസിന്റെ പ്രധാന കവാടം അടച്ചിട്ടത് രജപുത്രരുടെ ആത്മാഭിമാനത്തിനേറ്റ ക്ഷതമായാണ് ഒരുവിഭാഗം കാണുന്നത്.

ബിജെപി നേതൃത്വത്തിലും സര്‍ക്കാരിലും മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് പരാതിയും രജപുത്രര്‍ക്കുണ്ട്. ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കാന്‍ അവര്‍ ചരടുവലിച്ചിരുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വവും ഈ നിര്‍ദേശത്തെ പിന്തുണച്ചു, എന്നാല്‍ മദന്‍ലാല്‍‌ സൈനിക്കായിരുന്നു മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ പിന്തുണ. 2014 ല്‍ ജസ്വന്ത് സിംഗിന് സീറ്റ് നിഷേധിച്ചതോടെ രൂപപ്പെട്ട അതൃപ്തി ഇതോടെ ശക്തമായി. വസുന്ധരയുമായി രജപുത്രര്‍ പൂര്‍ണമായും അകന്നു.

ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ്, ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്, അതൃപ്തിയുടെ ആഴമറിഞ്ഞാണ്. മാനവേന്ദ്ര സിങ്ങിന് രജപുത്രര്‍ക്കിടയിലുള്ള സ്വാധീനം കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

Similar Posts