സീറ്റില്ല, രാജസ്ഥാനില്‍ ബി.ജെ.പി മന്ത്രി രാജിവെച്ചു
|കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ശ്രമിക്കുന്ന രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ 25 പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബി.ജെ.പി നേതാവ് മന്ത്രിസ്ഥാനം രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി സുരേന്ദ്ര ഗോയലാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ മദന്‍ ലാല്‍ സെയ്‌നിക്ക് രാജിക്കത്ത് നല്‍കിയത്. ഇന്നലെയിറങ്ങിയ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ സുരേഷ് ഗോയലിന് ഇടംപിടിക്കാനായില്ല.
പാലി ജില്ലയിലെ ജയ്തരണ്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ആറ് തവണ വിജയിച്ച ഗോയലിന് പകരം ഇത്തവണ അവിനാശ് ഗെഹ്‌ലോട്ടിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ശ്രമിക്കുന്ന രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ 25 പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെടുന്ന മന്ത്രിമാരില്‍ ആദ്യത്തെയാളാണ് സുരേഷ് ഗോയല്‍. ഗോയലിന്റെ അടുത്ത നീക്കം വ്യക്തമായിട്ടില്ല.