കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു
|അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
കേന്ദ്ര മന്ത്രി എച്ച്.എന്‍ അനന്ത് കുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആറ് തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. മോദി മന്ത്രിസഭയിലെ പാര്‍ലമെന്ററികാര്യ രാസവള വകുപ്പ് മന്ത്രിയായിരുന്നു അനന്ത്കുമാര്‍. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 20 നാണ് അദ്ദേഹം തിരിച്ച് ബെംഗളൂരുവിലെത്തിയത്. തിരിച്ച് വന്ന ശേഷം ബെംഗളൂരുവിലെ ശങ്കര്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ചികിത്സയിലായിരുന്നു.
എ.ബി.വി.പിയിലൂടെയാണ് അനന്ത് കുമാര്‍ രാഷ്ട്രീയത്തിലെത്തുന്നത്. 1985 ല്‍ എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായി. 1996-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലെത്തുന്നത്. 1998-ലെ വാജ്പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി. വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. 1999ലും എന്‍.ഡി.എ. സര്‍ക്കാറില്‍ മന്ത്രിയായി. ടൂറിസം, കായിക, യുവജനക്ഷേമം, സാംസ്‌ക്കാരിക, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2003-ല്‍ കര്‍ണാടക ബി.ജെ.പി അധ്യക്ഷനായി. അതിനടുത്ത കൊല്ലം ദേശീയ സെക്രട്ടറിയായി. മോദി സര്‍ക്കാരില്‍ രാസവള വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 2016 ല്‍ പാര്‍ലമെന്ററികാര്യവും ലഭിച്ചു.
1959 ജൂലായ് 22 ന് ബെംഗളൂരുവിലാണ് അനന്ത് കുമാര്‍ ജനിച്ചത്. ഹൂബ്ലി കെ.എസ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ബി.എയും ജെ.എസ്.എസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. ഡോ.തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.
ലാല്‍ബാഗ് റോഡിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്‌ക്കാരം വൈകിട്ട് അഞ്ചിന് ചാമരാജ് പേട്ട ശ്മശാനത്തില്‍ നടക്കും.