ഹിന്ദുക്കളെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കാവൂ എന്ന ബി.ജെ.പിയുടെ ആവശ്യം പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബൃന്ദ കാരാട്ട്
|ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് ഡൽഹി കേരളഹൗസിൽ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൃന്ദ.
ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് തടസമാകും വിധമുള്ള അശുദ്ധി ആർത്തവ കാലത്തുണ്ടാകുമോ എന്നത് സ്ത്രീയുടെ വ്യക്തിപരമായ തീരുമാനമായിരിക്കണമെന്ന് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്.
ഹിന്ദുക്കളെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കാവൂ എന്നാവശ്യപ്പെട്ട് ബി.ജെ.പി കോടതിയെ സമീപിച്ചത് പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് ഡൽഹി കേരളഹൗസിൽ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൃന്ദ.
വിശ്വാസത്തിന്റെ ഭാഗമായി ആർത്തവം അശുദ്ധിയുണ്ടാക്കുമെന്ന് കരുതുന്ന സ്ത്രീകൾ ധാരാളമുണ്ട്. അവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാതിരിക്കാം. എന്നാൽ മറിച്ച് ചിന്തിക്കുന്നവരെ അശുദ്ധി ആരോപിച്ച് പ്രവേശിപ്പിക്കാതിരിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഹിന്ദുക്കളെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കാവൂ എന്ന ബി.ജെ.പി ആവശ്യം പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീയുടെ സാന്നിധ്യം കൊണ്ട് അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബിനോയ് വിശ്വം എം.പി. പറഞ്ഞു.
ചരിത്രത്തോട് സംവദിക്കുന്നതിലൂടെയും എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന മനസ് കൈവിടാതിരിക്കുന്നതിലൂടെയുമേ പുരോഗതിയിലേക്ക് പോകാൻ കഴിയൂ എന്ന് മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. സഹിഷ്ണുതയുടെ കുറവാണ് കേരളത്തിലെ പല പ്രശ്‌നങ്ങളിലും ഇന്ന് കാണുന്നതെന്ന് നാടക കൃത്ത് ഓം ചേരി എൻ.എൻ. പിള്ള കൂട്ടിച്ചേര്‍ത്തു. വിവിധ കലാപരിപാടികളും പി.ആർ.ഡി. നിർമ്മിച്ച ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദർശിപ്പിച്ചു. പി.ആർഡി. ഒരുക്കുന്ന ദ്വിദിന ഫോട്ടോ പ്രദർശനവും ഡല്‍ഹി കേരളഹൗസിൽ തുടരുകയാണ്.