താന്‍ കള്ളം പറഞ്ഞിട്ടില്ല; റിലയന്‍സിനെ പങ്കാളിയായി തെരഞ്ഞെടുത്തത് ദാസോയാണ്: സി.ഇ.ഒ എറിക് ട്രാപ്പിയര്‍
|റഫാല്‍ കരാറില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളി ദാസോ സി.ഇ.ഒ എറിക് ട്രാപ്പിയര്‍.
റഫാല്‍ കരാറില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളി ദാസോ സി.ഇ.ഒ എറിക് ട്രാപ്പിയര്‍. റിലയന്‍സിനെ പങ്കാളിയായി തെരഞ്ഞെടുത്തത് ദാസോയാണ്. താന്‍ കള്ളം പറഞ്ഞിട്ടില്ലെന്നും സി.ഇ.ഒ വ്യക്തമാക്കി. എന്നാല്‍ ഉത്തരവുകള്ക്കനുസരിച്ചുള്ള അഭിമുഖങ്ങള്‍ക്കും ഉണ്ടാക്കിയെടുക്കുന്ന നുണകള്‍ക്കും റാഫേല്‍ അഴിമതിയെ മൂടിവെക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
റിലയന്‍സിന്റെ നഷ്ടത്തിലോടുന്ന കമ്പനിയില്‍ ദാസോ നടത്തിയ 284 കോടി രൂപയുടെ നിക്ഷേപം റഫാല്‍ കരാറിലെ കൈക്കൂലിയാണെന്നും എറിക് ട്രാപ്പിയര്‍ കള്ളം പറയുകയാണെന്നും രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളി ദാസോ സി.ഇ.ഒ രംഗത്തെത്തിയത്. കരാര്‍ സംബന്ധിച്ച് താന്‍ കള്ളം പറഞ്ഞിട്ടില്ല. ദാസോയാണ് റിലയന്‍സിനെ പങ്കാളിയായി തെരഞ്ഞെടുത്തതെന്നും എറിക് ട്രാപ്പിയര്‍ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. റിലയന്‍സിനെ കൂടാതെ മുപ്പത് പങ്കാളികള്‍ കൂടി കമ്പനിക്കുണ്ടെന്നും എറിക് ട്രാപ്പിയര്‍ വെളിപ്പെടുത്തി.
കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് കൈമാറേണ്ടിയിരുന്നത് 18 പൂര്‍ണ്ണതോതില്‍ ഉപയോഗസജ്ജമായ വിമാനങ്ങളായിരുന്നു. ഇതിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ കരാറില്‍ ഉള്ള 36 വിമാനങ്ങളുടെ വില തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
റിലയന്‍സില്‍ പണം നല്കുകയല്ല കമ്പനി ചെയ്തതെന്നും ദാസോ - റിലയന്‍സ് സംയുക്ത സംരംഭത്തിലേക്ക് നിക്ഷേപം നടത്തുകയാണ് ഉണ്ടായതെന്നും എറിക് കൂട്ടിച്ചേര്‍ത്തു. 1953 ല്‍ ഇന്ത്യയുമായുള്ള കമ്പനിയുടെ ആദ്യ കരാര്‍ നെഹ്രുവിന്റെ കാലത്താണ്. ദാസോ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല ജോലി ചെയ്യുന്നതെന്നും ഇന്ത്യന്‍ സര്‍ക്കാരുമായിട്ടാണ് കമ്പനിയുടെ കരാര്‍ എന്നും അഭിമുഖത്തില്‍ സി.ഇ.ഒ വ്യക്തമാക്കി. എന്നാല്‍ ഉത്തരവുകള്ക്കനുസരിച്ചുള്ള അഭിമുഖങ്ങള്‍ക്കും ഉണ്ടാക്കിയെടുക്കുന്ന നുണകള്‍ക്കും റാഫേല്‍ അഴിമതിയെ മൂടിവെക്കാന്‍ കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.