രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന സസ്പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ്
|രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന സസ്പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ്. പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റിനെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി അശോക് ഗഹലോട്ട്നെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കമാന്റിന്റെ തീരുമാനം. പ്രധാന നേതാക്കളെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന തന്ത്രമാണ് കോണ്‍ഗ്രസ്സ് മധ്യപ്രദേശില്‍ പയറ്റുന്നതെങ്കില്‍ രാജസ്ഥാനില്‍ മറിച്ചാണ് നീക്കം.
സംസ്ഥാന പ്രമുഖരായ രണ്ട് നേതാക്കളെയും മത്സരരംഗത്തിറക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു. ഗഹ്ലോട്ട് സര്‍ദര്‍പുരയില്‍ നിന്നും സച്ചിന്‍ പൈലറ്റ് അജ്മീറില്‍ നിന്നും മത്സരിക്കും. പ്രായാധികൃവും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയിലും ഗഹ്ലോട്ടിനെ മാറ്റി നിര്‍ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നേതാക്കള്‍ക്കിടയിലെ തര്‍ക്കം താഴെ തട്ടിലേക്ക് കൂടി എത്തിയതോടെയാണ് ഇരുവരെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നേതാക്കളുടെ സമ്മര്‍ദ്ദത്തിനപ്പുറം സംസ്ഥാനത്തെ ജാതി സമവാക്യങ്ങളെ തൃപ്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് ഈ നീക്കം അനിവാര്യമാണ്. ജാട്ട്, രജ്പുത്ത്, ഗുജ്ജർ, മീണ വിഭാഗങ്ങളുടെ വോട്ടാണ് തെരഞ്ഞെടുപ്പിൽ നിർണായകമാവുക. മാനവേന്ദ്ര പാര്‍ട്ടിയിലെത്തിയ സാഹചര്യത്തില്‍ രജ്പുത്ത് വോട്ടും സച്ചിൻ പൈലറ്റിലൂടെ ഗുജ്ജർ വോട്ടും നേടാനാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ബി.ജെ.പി സംസ്ഥാന നേതാവ് മഥന് ലാല്‍, സൈനി വിഭാഗക്കാരനായതിനാല്‍ അതേ വിഭാഗത്തില്‍ നിന്നുള്ള ഗഹ്ലോട്ടിനെ നിര്‍ത്തി വോട്ട് ചോര്‍ച്ച തടയുകയാണ് കോണ്‍ഗ്രസ് .
ഇതിനിടെ രാജസ്ഥാനിലെ ദൗസയിൽ നിന്നുള്ള ബി.ജെ.പി എം പി ഹരീഷ് മീണയും കോൺഗ്രസിൽ എത്തിയിട്ടുണ്ട്.