തമിഴ്നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്: 11 മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു
|16 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് തീരത്തെത്തുമ്പോള്‍ 100 മുതല്‍ 110 വരെ കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. 461 ക്യാമ്പുകളിലായി 81698 പേർ കഴിയുന്നു.
തമിഴ്നാട് തീരപ്രദേശത്ത് വീശിയടിച്ച ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിലുണ്ടായിരുന്നത്. വിവിധ ജില്ലകളിലായി പതിനൊന്ന് മരണം ഇതുവരെ റിപ്പോര്‍ട്ടു ചെയ്തു. തഞ്ചാവൂര്‍ ജില്ലയില്‍ മാത്രം ഒരു കുടുംബത്തിലെ നാല് പേര് ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് നാഗപട്ടണം വേദാരണ്യം മേഖലയില്‍ ഗജ തീരം തൊട്ടത്. രണ്ട് മണിക്കൂര്‍ കൊണ്ട് രണ്ട് ഘട്ടം പിന്നിട്ട കാറ്റ് പിന്നീട് ശാന്തമായി. രാവിലെ ഒമ്പതരയോടെയാണ് കാറ്റ് പൂര്‍ണമായും തീരം വിട്ടത്.
കാരയ്ക്കല്‍, പുതുക്കോട്ട, തഞ്ചാവൂര്‍, കടലൂര്‍, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂര്‍ ജില്ലകളിലാണ് കാറ്റിനൊപ്പം ശക്തമായ മഴയും വീശിയടിച്ചത്. തീരദേശമേഖലയില്‍ നിന്നും നീങ്ങിയ ഗജ, ശക്തി കുറഞ്ഞ് സേലം, മധുര, ദിണ്ടിഗല്‍, തേനി ജില്ലകളിലൂടെ കടന്ന് നാളെ അറബിക്കടലിലെത്തും. ഈ ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റും മഴയും ഉണ്ടാകും.
വിവിധയിടങ്ങളില്‍ 93 കിലോമീറ്റര്‍ മുതല്‍ 111 കി.മീ വരെയാണ് കാറ്റിന്റെ വേഗം രേഖപ്പെടുത്തിയത്. പുതുച്ചേരിയില്‍ തിരമാലകള്‍ 8മീറ്റര്‍ ഉയരത്തില്‍ വരെയെത്തി. പാമ്പന്‍ പാലം പൂര്‍ണമായും മുങ്ങി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നൂറുകണക്കിന് വൃക്ഷങ്ങള്‍ കടപുഴകി. പലയിടങ്ങളിലും ഗതാഗതം നിലച്ചു.
എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ്, പൊലീസ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആറ് ജില്ലകളിലെ 471 ക്യാമ്പുകളിലായി 82,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 18 ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.