India
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 11 മുതല്‍ 
India

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 11 മുതല്‍ 

Web Desk
|
15 Nov 2018 2:14 AM GMT

മുത്തലാഖ് ഉള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ ഒരു മാസം നീണ്ട സമ്മേളനത്തില്‍ അവതരിപ്പിക്കും. 2019 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിന്റെ അവസാന മുഴുനീള പാര്‍ലമെന്റ് സമ്മേളനമാകും ഇത്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 11 മുതല്‍ ജനുവരി എട്ടു വരെ നടക്കും. മുത്തലാഖ് ഉള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ ഒരു മാസം നീണ്ട സമ്മേളനത്തില്‍ അവതരിപ്പിക്കും. 2019 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിന്റെ അവസാന മുഴുനീള പാര്‍ലമെന്റ് സമ്മേളനമാകും ഇത്.

സാധാരണ ഗതിയില്‍ നവംബറില്‍ തുടങ്ങേണ്ട ശീതകാല സമ്മേളനം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കാരണമാണ് ഡിസംബറിലേക്ക് മാറ്റിയത്. വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 12ന്റെ തലേന്നാണ് സമ്മേളനം തുടങ്ങുന്നത്. സ്വഭാവികമായും തെരഞ്ഞെടുപ്പ് ഫലം സഭയില്‍ പ്രതിഫലിക്കും. മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിട്ടില്ല. മെഡിക്കല്‍ കൌണ്‍സിലിന് പകരം പുതിയ കമ്മിറ്റിയെ നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സും ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്. സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിട്ടുണ്ട് സര്‍ക്കാര്‍.

റഫാല്‍ വിമാന ഇടപാടിലെ അഴിമതി, സി.ബി.ഐയിലെയും ആര്‍.ബി.ഐയിലെയും സര്‍ക്കാര്‍ ഇടപെടല്‍, ശബരിമല സ്ത്രീ പ്രവേശം തുടങ്ങിയ വിവാദങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്. ബാബരി ഭൂമി തര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി ജനുവരിയിലേക്ക് നീട്ടിവെച്ചതോടെ രാമക്ഷേത്ര നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന സമ്മര്‍ദ്ദവും ഉണ്ട്. ഇക്കാര്യത്തില്‍ സമ്മേളന കാലയളവില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്.

Similar Posts