India
ടി.എം കൃഷ്ണക്ക് പിന്തുണയുമായി ആം ആദ്മി; കച്ചേരിക്ക് ഡല്‍ഹി സര്‍ക്കാര്‍ വേദിയൊരുക്കും
India

ടി.എം കൃഷ്ണക്ക് പിന്തുണയുമായി ആം ആദ്മി; കച്ചേരിക്ക് ഡല്‍ഹി സര്‍ക്കാര്‍ വേദിയൊരുക്കും

Web Desk
|
16 Nov 2018 8:29 AM GMT

ആം ആദ്മിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ കച്ചേരിക്ക് വേദിയൊരുക്കാമെന്ന് ഉറപ്പുനല്‍കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്നെ സംഗീതജ്ഞനുമായി ഫോണില്‍ സംസാരിച്ചു.

സംഘ് പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മുടങ്ങിയ കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണയുടെ കച്ചേരിക്ക് ഡല്‍ഹിയില്‍ വേദിയൊരുങ്ങുന്നു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരാണ് ടി.എം കൃഷ്ണയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചത്. നാളെ ആറരക്ക് ഡല്‍ഹി സാകേതിലെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസ് ആണ് കച്ചേരിയുടെ വേദി.

ടി.എം കൃഷ്ണയുടെ നാളെയും മറ്റന്നാളുമായി നടക്കാനിരുന്ന കച്ചേരിയാണ് സംഘ് പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് സംഘാടകര്‍ മാറ്റിവെച്ചത്. സംഘ് പരിവാര്‍ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സ്പോണ്‍സര്‍മാരായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്മാറുകയായിരുന്നു. ഇതോടെയാണ് ടി.എം കൃഷ്ണക്ക് പിന്തുണയുമായി ആം ആദ്മി രംഗത്തെത്തിയത്.

ആം ആദ്മിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ കച്ചേരിക്ക് വേദിയൊരുക്കാമെന്ന് ഉറപ്പുനല്‍കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്നെ സംഗീതജ്ഞനുമായി ഫോണില്‍ സംസാരിച്ചു. നാളെ ആറരക്ക് ഡല്‍ഹി സാകേതിലാണ് കച്ചേരി. ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച ടി.എം കൃഷ്ണ നാളെത്തന്നെ കച്ചേരി നടത്താനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ഡല്‍ഹിയിലെ ചാണക്യപുരി നെഹ്റു പാര്‍ക്കിലായിരുന്ന ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഇന്‍ ദ പാര്‍ക്ക് എന്ന പരിപാടി നിശ്ചയിച്ചിരുന്നത്.

പരിപാടി പ്രഖ്യാപിച്ചതോടെ കൃഷ്ണയെ ദേശദ്രോഹിയെന്നും അര്‍ബന്‍ നക്സലെന്നും വിളിച്ച് ആക്ഷേപിച്ചും പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടും ട്വിറ്റര്‍ സന്ദേശങ്ങള്‍ പ്രവഹിക്കുകയായിരുന്നു. ആര്‍.എസ്.എസ് വിരുദ്ധ മതേതര നിലപാടുകളുടെ പേരിലാണ് കൃഷ്ണക്കെതിരായ ആക്രമണം.

Similar Posts