ശബരിമലയില്‍ വനിതാ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കണോ ? തസ്‍ലീമ നസ്റിന്‍ പറയുന്നതിങ്ങനെ...
|ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് എന്താണിത്ര ആവേശമെന്ന് തനിക്ക് മനസിലാകുന്നില്ല. ലൈംഗിക ചൂഷണം പോലുള്ള പ്രശ്നങ്ങളിലാണ് വനിതാ ആക്ടിവിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ശബരിമലയില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള വനിതാ ആക്ടിവിസ്റ്റുകളെ ചോദ്യംചെയ്ത് ബംഗ്ലാദേശി എഴുത്തുകാരി തസ്‍ലീമ നസ്റിന്‍. വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എന്താണിത്ര ആവേശമെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് തസ്‍ലീമ പറഞ്ഞു.
ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് എന്താണിത്ര ആവേശമെന്ന് തനിക്ക് മനസിലാകുന്നില്ല. ബലാത്സംഗം, ലൈംഗിക ചൂഷണം പോലുള്ള പ്രശ്നങ്ങളിലാണ് വനിതാ ആക്ടിവിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. തൊഴില്‍ സമ്പാദിക്കാനും തുല്യവേതനം നേടുന്നതിനും സ്വാതന്ത്ര്യമില്ലാത്ത ഒട്ടേറെ പേരുണ്ട്. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടേ ?. അതുപോലെ സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഗാര്‍ഹിക പീഡനം, ബലാത്സംഗം, ലൈംഗിക ചൂഷണം, വിദ്വേഷം, വിദ്യാഭ്യാസം നിഷേധിക്കല്‍, ആരോഗ്യ സംരക്ഷണം ലഭിക്കാതിരിക്കല്‍ എന്നിങ്ങനെ അനവധി പ്രശ്നങ്ങള്‍. - തസ്‍ലീമ പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് തസ്‍ലീമയുടെ പ്രതികരണം. ശബരിമല ദര്‍ശനത്തിനായി ഇന്ന് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് വൈകീട്ടോടെ തൃപ്തി മടങ്ങാന്‍ തീരുമാനിച്ചു. പ്രതിഷേധം കാരണം 14 മണിക്കൂറാണ് അവര്‍ പുറത്തിറങ്ങാനാകാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയത്. കേരളത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പൊലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തൃപ്തി ദേശായി നിലപാട് വ്യക്തമാക്കിയത്. മടങ്ങിപ്പോയാലും കൂടുതല്‍ ഒരുക്കം നടത്തി മല കയറാന്‍ വീണ്ടും എത്തും. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ലിംഗസമത്വത്തിനായാണ് പോരാടുന്നതെന്നും തൃപ്തി വ്യക്തമാക്കി.
ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നാണ് ഇന്ന് വൈകിട്ട് നാല് മണി വരെ തൃപ്തി ദേശായി നിലപാടെടുത്തത്. തൃപ്തി ദേശായിയുമായി ആലുവ തഹസില്‍ദാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ശബരിമലയില്‍ നാളെ ദര്‍ശനം നടത്തുമെന്നാണ് നേരത്തെ തൃപ്തി ദേശായി മീഡിയവണിനോട് പറഞ്ഞത്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്.