India
രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
India

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Web Desk
|
16 Nov 2018 6:44 AM GMT

269 സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ബിജെപി 162 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി. 152 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. 12 നേതാക്കള്‍ ഇന്നലെ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം 19ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹ്ലോട്ട് നേരത്തെ തീരുമാനിച്ചതു പ്രകാരം സദര്‍പുര മണ്ഡലത്തില്‍ നിന്നും മത്സരിക്കും. പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് തോങ്ക് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെത്തിയ ബി.ജെ.പി എം.പിയായിരുന്ന ഹരീഷ് മീണക്ക് ദെവ്ലി മണ്ഡലമാണ് നല്‍കിയത്. ഗിരിജ വ്യാസ് ഉദയ്പൂരില്‍ നിന്നും സി.പി ജോഷി നദ്വാരയില്‍ നിന്നും മത്സരിക്കും. രാമേശ്വര്‍ ലാല്‍ ഡൂഡിക്ക് നോഖ മണ്ഡലമാണ് നല്‍കിയിരിക്കുന്നത്. പട്ടിക പുറത്ത് വിട്ടതോടെ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്ത നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ സിറ്റിങ് എം.എല്‍.എമാരായ ഭവര്‍ സിങ്, മഹേന്ദ്ര ജീത് എന്നിവരടക്കം 12 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 269 സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ബിജെപി 162 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts